ഒറ്റയാൾ പ്രകടനവുമായി വിമർശകരുടെ വായടപ്പിച്ചു മോഹൻലാൽ; എലോണിലെ പ്രകടനത്തിന് കയ്യടിച്ച് പ്രേക്ഷകർ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരിക്കൽ കൂടി തനിക്ക് മാത്രം സാധിക്കുന്ന അഭിനയ മികവുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ എലോൺ എന്ന ചിത്രം രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തത്. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ ആകർഷണം. രണ്ട് മണിക്കൂർ ഒരു നടനെ മാത്രമേ പ്രേക്ഷകർ സ്‌ക്രീനിൽ കാണുന്നുള്ളൂ. ബാക്കി കഥാപാത്രങ്ങളുടെ ശബ്ദം മാത്രമേ നമ്മുക്ക് കേൾക്കാൻ സാധിക്കു. ഒറ്റയ്ക്ക് ഒരു ചിത്രത്തെ ഒരു നടൻ തന്റെ പ്രകടനം കൊണ്ട് തോളിലേറ്റുന്ന കാഴ്ചയാണ് ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നത്. തന്റെ ഡയലോഗ് ഡെലിവറി കൊണ്ടും, ശരീര ഭാഷ കൊണ്ടും, ഭാവ പ്രകടനങ്ങൾ കൊണ്ടും മോഹൻലാൽ നിറഞ്ഞു നിൽക്കുകയാണ്. കോയമ്പത്തൂരിൽ നിന്ന് കോവിഡ് ലോക്ക് ഡൌൺ സമയത് കൊച്ചിയിലെത്തി അവിടെ ഒരു ഫ്ലാറ്റിൽ ഒറ്റക്ക് കഴിയുന്ന കാളിദാസനെന്ന കഥാപാത്രത്തിനാണ് മോഹൻലാൽ ജീവൻ നൽകിയിരിക്കുന്നത്.

മോട്ടിവേഷണൽ സ്പീക്കർ ആയ കാളിദാസൻ പലപ്പോഴും വളരെ ഫിലോസഫിക്കലായി ജീവിതത്തെയും മനുഷ്യരേയും നോക്കിക്കാണുന്ന വ്യക്തി കൂടിയാണ്. അത്കൊണ്ട് തന്നെ അയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും അത്തരത്തിലുള്ള ചില അസ്വാഭാവികതകളുമുണ്ട്. അങ്ങനെയുള്ള ഒരു കഥാപാത്രത്തെ അതിമനോഹരമായാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ആ ഫ്ലാറ്റിൽ സംഭവിക്കുന്ന അസ്വാഭാവികമായ കാര്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിക്കുന്ന കാളിദാസന്റെ ആകാംഷയും ഭയവും ഒറ്റപ്പെടലും നിശ്ചദാർഢ്യവുമെല്ലാം മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നതിലെ പൂർണ്ണത, ഈ നടന്റെ അപാരമായ പ്രതിഭ തന്നെയാണ് നമ്മുക്ക് കാണിച്ചു തരുന്നത്. അടുത്തകാലത്ത് തന്നിലെ നടനെക്കാൾ കൂടുതൽ താരത്തെയാണ് മോഹൻലാൽ ഉപയോഗിക്കുന്നതെന്ന വിമര്ശനത്തിനുള്ള ഒരു ചെറിയ മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ഈ പ്രകടനം. ഒരാളെ മാത്രം സ്‌ക്രീനിൽ കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകരെ സിനിമയിൽ പിടിച്ചു നിർത്തുന്നത് ഒഴുക്കോടെയുള്ള മോഹൻലാലിന്റെ പ്രകടനമാണ്. ഒറ്റക്ക് നിന്ന് പോരാടി ജയിക്കുന്ന ഒരാളുടെ വിജയഗാഥയാണ് എലോൺ നമ്മുക്ക് സമ്മാനിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close