ചോര ചിന്തുന്ന വടിവാൾ പോരാട്ടവുമായി ചാക്കോച്ചൻ; ടിനു പാപ്പച്ചന്റെ ചാവേർ ടീസർ റിലീസ് ചെയ്ത് ദുൽഖർ സൽമാൻ

Advertisement

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. യുവ താരം ദുൽഖർ സൽമാൻ പുറത്ത് വിട്ട ഈ ടീസറിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഒരിക്കൽ കൂടി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ആക്ഷൻ ത്രില്ലറാണ് ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ ടീസർ നമ്മുക്ക് നൽകുന്നത്. മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ജോയ് മാത്യു, മമ്മൂട്ടി നായകനായ അങ്കിൾ എന്ന ചിത്രത്തിന് ശേഷം തിരക്കഥ രചിച്ച ചിത്രം കൂടിയാണ് ചാവേർ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാമാങ്കം, മാളികപ്പുറം എന്നീ ചിത്രങ്ങൾ നിർമ്മിച്ച വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിംസും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി എത്തുന്നുണ്ട്. കട്ട ലോക്കൽ മാസ്സ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഇതിലെത്തുന്നതെന്ന് ടീസർ കാണിച്ചു തരുന്നുണ്ട്.

ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചാവേർ എന്ന റിപ്പോർട്ടുകളാണ് നമ്മുക്ക് ലഭിക്കുന്നത്. രാജേഷ് ശര്‍മ്മ, കെ.യു. മനോജ്, അനുരൂപ് എന്നിവരും, ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി തലശ്ശേരിയിൽ ഇട്ട സെറ്റ് വമ്പൻ ജനശ്രദ്ധ നേടിയതും, ഇതിലെ ആക്ഷൻ സീൻ ഒരുക്കുന്നതിനിടെ കുഞ്ചാക്കോ ബോബന് പരിക്ക് പറ്റിയതും വലിയ വാർത്തയായിരുന്നു. ജിന്റോ ജോർജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് എന്നിവരാണ്. ഗോകുൽ ദാസ് ആണ് ഈ ചിത്രത്തിന് വേണ്ടി തലശ്ശേരി കടല്‍പാലത്തിനോട് ചേര്‍ന്ന തായലങ്ങാടിയില്‍ വമ്പൻ സെറ്റൊരുക്കിയത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close