ആടുജീവിതത്തിന് ശേഷം മോഹൻലാൽ ചിത്രവുമായി ബ്ലെസി

Advertisement

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകനായ ബ്ലെസി ഒരുക്കിയ ആടുജീവിതം വമ്പൻ വിജയം നേടി മുന്നേറുകയാണ്. പൃഥ്വിരാജ് സുകുമാരൻ നായകനായ ഈ ക്ലാസിക് ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിലാണ് അഭിനന്ദിക്കപ്പെടുന്നത്. ബെന്യാമിന്റെ വിഖ്യാത നോവൽ ആസ്‍പദമാക്കി ബ്ലെസി ഒരുക്കിയ ഈ സർവൈവൽ ഡ്രാമയിൽ തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് പൃഥ്വിരാജ് നൽകിയത്. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആട് ജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കാൻ പോകുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ- ബ്ലെസി ടീം ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ജോലികൾ ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന.

പ്രണയം എന്ന മോഹൻലാൽ- ബ്ലെസി ചിത്രം നിർമ്മിച്ച പി കെ സജീവ്, ആനി സജീവ് എന്നിവർ ചേർന്ന് ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിലാണ് ഈ പുതിയ മോഹൻലാൽ- ബ്ലെസി ചിത്രവും നിർമ്മിക്കുക എന്നാണ് വാർത്തകൾ പറയുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന. തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇനി അഭിനയിക്കാൻ പോകുന്നത്. ഇത് കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ, ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രങ്ങളും പൂർത്തിയാക്കാനുള്ള മോഹൻലാൽ, ജോഷി- ചെമ്പൻ വിനോദ് ടീമിന്റെ റമ്പാനിലും ഈ വർഷം അഭിനയിക്കും. ഇത് കൂടാതെ സത്യൻ അന്തിക്കാട്, അനൂപ് സത്യൻ, ഡിജോ ജോസ് ആന്റണി, ടിനു പാപ്പച്ചൻ, ഷാജി പാടൂർ, മാർട്ടിൻ പ്രക്കാട്ട്, പ്രിയദർശൻ, അൻവർ റഷീദ് എന്നിവരുടെ ചിത്രങ്ങളും മോഹൻലാൽ അടുത്ത വർഷങ്ങളിൽ ചെയ്യുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close