മെഗാസ്റ്റാർ ഭ്രമിപ്പിച്ച ഭ്രമയുഗം; ഫൈനൽ കളക്ഷൻ റിപ്പോർട്ട്

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ ഫൈനൽ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. തീയേറ്റർ റൺ അവസാനിപ്പിച്ച് ഒടിടി റിലീസ് ചെയ്ത ഈ ചിത്രം ഒടിടിയിൽ നിന്നും ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ 50 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമായി മാറി. 85 കോടി നേടിയ ഭീഷ്മ പർവ്വം , 82 കോടി നേടിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മമ്മൂട്ടി ചിത്രങ്ങൾ. 58 കോടി രൂപയാണ് ഭ്രമയുഗം നേടിയ ഫൈനൽ ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 24 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം വിദേശത്തു നിന്നും നേടിയത് 26 കോടിയോളമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന്, ഡബ്ബിങ് വേർഷനുകൾ ഉൾപ്പെടെ ഈ ചിത്രം നേടിയത് 8 കോടിയാണ്.

പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രം, ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചത്. മുപ്പത് കോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിന്റെ പഴയ ഒരു ഇരുണ്ട കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close