ആർഡിഎക്‌സിനു ശേഷം വീണ്ടും അൻപ്-അറിവ് സഹോദരങ്ങൾ മലയാളത്തിൽ; ഒരുങ്ങുന്നത് മെഗാസ്‌റ്റാറിന്റെ മെഗാ ആക്ഷൻ

Advertisement

ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് ആണ് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായ ആർഡിഎക്സ്‌. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ഗംഭീര സംഘട്ടന രംഗങ്ങളായിരുന്നു. വിക്രം ഉൾപ്പെടെ തമിഴിലെ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ്-അറിവ് സഹോദരങ്ങൾ ആണ് ആർഡിഎക്‌സിനു വേണ്ടി സംഘട്ടനം ഒരുക്കിയത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ ഈ സംഘട്ടന സംവിധായകർ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണെന്നാണ് സൂചന. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കാൻ പോകുന്ന മെഗാ ആക്ഷൻ കോമഡി ചിത്രത്തിന് വേണ്ടിയാണ് ഇവർ സംഘട്ടനം ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആറ് വമ്പൻ സംഘട്ടന രംഗങ്ങളാണ് ഇതിലുണ്ടാവുകയെന്നും വാർത്തകൾ വരുന്നുണ്ട്.

സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് നിർമ്മിക്കുന്നത്. അടിപിടി ജോസും ഇന്ദുലേഖയും എന്നാണ് ചിത്രത്തിന്റെ പേരെന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും, ഈ പേര് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജന ജയപ്രകാശ് ആണ് ഇതിലെ നായികാ വേഷം ചെയ്യുക. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രം, മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ്. പോക്കിരി രാജ, മധുര രാജ എന്നിവയാണ് ഇവർ ഒരുമിച്ച് ചെയ്ത മറ്റു ചിത്രങ്ങൾ. ഒരു കോട്ടയം അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി ഇതിൽ വേഷമിടുന്നത് എന്നാണ് വിവരം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close