
ഉർവശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചാൾസ് എന്റർപ്രൈസസ് തീയേറ്ററുകളിൽ എത്തി .സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഉർവശിയെ കൂടാതെ ബാലുവർഗ്ഗീസ്,കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ തുടങ്ങി മികച്ച ഒരു താരനിരയും ചിത്രത്തിലുണ്ട് .ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് പ്രദീപ് മേനോനാണ്.
നർമ്മത്തിനൊപ്പം ലാളിത്യവും ചേർത്തുവച്ച ചിത്രമാണ് ‘ചാൾസ് എൻറർപ്രൈസസ് ‘. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാ പാടുപെടുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഗണേശ വിഗ്രഹവും പിന്നീട് ആ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും സസ്പെൻസിൽ കോർത്തിണക്കിയാണ് സംവിധായകൻ സുഭാഷ് ലളിതാ സുബ്രഹ്മണ്യൻ ‘ചാൾസ് എൻറർപ്രൈസസി’ലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധികളിൽ കഷ്ടപ്പെട്ട രവി എന്ന യുവാവിനെയാണ് ബാലു വർഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രവിയുടെ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിൻറെ കഥ മുന്നോട്ടു പോകുന്നത്. ഒരു കോഫി ഷോപ്പിൽ ജോലിചെയ്യുന്ന രവി എന്ന കുമാരസ്വാമിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഗണപതി വിഗ്രഹമാണ് മുന്നോട്ടുള്ള കഥയെ നയിക്കുന്നത്.
രവിയുടെ അമ്മ വേഷത്തിലാണ് നടി ഉർവശി എത്തുന്നത്.അച്ഛൻറെ വേഷം കൈകാര്യം ചെയ്യുന്നത് ഗുരു സോമസുന്ദരം ആണ്. തമിഴ് കേരള സംസ്കാരങ്ങളെ ഇടകലർത്തി പൂർണ്ണമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പതിവുപോലെ ഉർവശി തൻറെ മികവുറ്റ അഭിനയം ചിത്രത്തിൽ കാഴ്ചവെച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ പ്രേക്ഷകനെ പൂർണമായും രസിപ്പിക്കാൻ ഉർവശിയുടെ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഉർവശിയെ പോലെ തന്നെ മികവാർന്ന അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത് തമിഴ് നടൻ കലൈയരസനാണ്. 2018 ചിത്രത്തിലെ ഗംഭീര പ്രകടനത്തിനു ശേഷം വീണ്ടും കലൈയരസൻ പ്രധാന കഥാപാത്രമാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ചാൾസ് എൻറർപ്രൈസസ്’. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ചാൾസിനെ അവതരിപ്പിക്കുന്നതും അദ്ദേഹമാണ്.
അതിമനോഹരങ്ങളായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.രണ്ടര മണിക്കൂർ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു ക്ലീൻ എൻറർ ടൈനറായാണ് ‘ചാൾസ് എന്റർപ്രൈസസ്’ പ്രേക്ഷകർക്കും മുന്നിൽ എത്തിയിരിക്കുന്നത്.
സംവിധായകൻ സുഭാഷിന്റേത് തന്നെയാണ് തിരക്കഥ.സിനിമയുടെ രസച്ചരട് പൊട്ടാതെ ആദ്യാവസാനം പ്രേക്ഷകരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സുഭാഷിനു കഴിയുന്നുണ്ട്. സിനിമയുടെ തമിഴ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചിയതാവും മുരുകാനന്ദ് കുമരേശനാണ്. സ്വരൂപ് ഫിലിപ്പിന്റെ ക്യാമറ കാഴച്ചകളും ,അശോക് പൊന്നപ്പന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻറെ ദൃശ്യമികവിന് മാറ്റുകൂട്ടി. ഈ വേനലവധിക്ക് സസ്പെൻസും ത്രില്ലറും ഇടകലർത്തി കുടുംബപ്രേക്ഷകർക്ക് നൽകുന്ന വലിയൊരു വിരുന്നാണ് ചാൾസ് എന്റർപ്രൈസസ്. ധൈര്യമായി ചിത്രത്തിന് ടിക്കറ്റ് എടുക്കാം…