ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രമാണ് ദിലീപ്, സിദ്ദിഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിച്ച ശുഭരാത്രി. കെ പി വ്യാസൻ രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചിത്രമാണ് ഇത്. സിദ്ദിഖ്, ദിലീപ് എന്നിവരുടെ ഗംഭീര പ്രകടനം കൊണ്ടും ശ്രദ്ധ നേടുന്ന ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നുമെല്ലാം ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിക്കുകയാണ്. ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ മുഹമ്മദ് എന്ന കഥാപാത്രം ആയാണ് സിദ്ദിഖ് എത്തിയിരിക്കുന്നത്. കൃഷ്ണൻ എന്നാണ് ഇതിലെ ദിലീപ് കഥാപാത്രത്തിന്റെ പേര്. അത് കൊണ്ട് തന്നെ മുഹമ്മദും കൃഷ്ണനും എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നല്കാൻ ഉദ്ദേശിച്ചിരുന്ന പേര്.
എന്നാൽ മറ്റാരോ ആ പേര് ആദ്യമേ രജിസ്റ്റർ ചെയ്തിരുന്നു. അതല്ലാതെ വേറൊരു പേര് ഈ ചിത്രത്തിന് യോജിക്കുന്നില്ല എന്ന് കണ്ടപ്പോൾ താൻ അത് ലഭിക്കാൻ അവരുടെ കാലു പിടിക്കേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായി എന്ന് പറയുന്നു സംവിധായകൻ വ്യാസൻ കെ പി. പക്ഷെ അവർ അനുകൂലമായ മറുപടി അല്ല തന്നത്. അവസാനം ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഖുർ ആനിൽ നടത്തിയ പഠനത്തിന്റെ ഇടയിൽ മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ചില ഡയലോഗുകളും അതിനെ സാധൂകരിക്കുന്ന അയാളുടെ ചില പ്രവർത്തികളുമാണ് ശുഭരാത്രി എന്ന ടൈറ്റിലിൽ വ്യാസനെ എത്തിച്ചത്. മുഹമ്മദിന്റെ ജീവിതത്തിലെ ഒരു പ്രധാന രാത്രിയിൽ അയാൾ ചെയ്യുന്ന ഒരു നന്മ ആ രാത്രിയെ അയാളുടെ ജീവിതത്തിലെ പുണ്യം പെയ്തിറങ്ങുന്ന ഒരു രാത്രി ആക്കി മാറ്റുന്നു. അതാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതും.