വിനീത് ശ്രീനിവാസന്റെ തിര 2 ഇൽ നായകനായി പൃഥ്വിരാജ്?: വരുന്നത് വെബ് സീരിസ്

Advertisement

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ, 2013 ഇൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തിര. ശോഭനയും പ്രധാന വേഷം ചെയ്ത ഈ ചിത്രം രചിച്ചത് രാകേഷ് മൻറ്റോടിയാണ്. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും, പിന്നീട് ടെലിവിഷനിലൂടെ ഈ ചിത്രം വലിയ ജനപ്രീതി നേടി. അന്ന് ഈ ചിത്രത്തിന് തിര 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പ്ലാൻ ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് ആ ചിത്രത്തിന്റെ രചയിതാവായ രാകേഷ്. ക്യൂ സ്‌റ്റുഡിയോക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. തിരക്ക് ഒരു രണ്ടാം ഭാഗവും മൂന്നാം ഭാഗവും ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് സുകുമാരനെ വെച്ച് തിര രണ്ടാം ഭാഗത്തിന്റെ ഒരു ടീസർ ഇറക്കാനും ആലോചിച്ചിരുന്നുവെന്നും രാകേഷ് പറയുന്നു.

എന്നാൽ തിര തീയേറ്ററുകളിൽ പരാജയപ്പെട്ടതോടെയാണ് ആ ശ്രമം വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിൽ എന്താണ് പറയാൻ പോകുന്നതെന്നുള്ള വ്യക്തമായ ധാരണ തങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും, അത് കൊണ്ട് തന്നെ ഇനിയുള്ള കഥ ഒരു വെബ് സീരിസ് ആയി വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ വിനീത് മറ്റ് തിരക്കുകളിൽ ആയത് കൊണ്ട് തന്നെ തിര എന്ന കഥ ആദ്യം മുതൽ വ്യത്യസ്ത സീസണുകളിലുള്ള വെബ് സീരിസ് ആയി ഉടനെ ഉണ്ടാകുമോയെന്ന് തനിക്ക് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം വിശദീകരിച്ചു. തിരയുടെ ബാക്കി കഥ പറയണം എന്ന ആഗ്രഹം തങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേസിൽ ജോസഫ് ഒരുക്കിയ ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രവും രചിച്ച രാകേഷിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ, വരവ്, ഒരു ജാതി ജാതകം എന്നിവയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close