ലളിതവും സുന്ദരവുമായ പൊട്ടിച്ചിരിയുടെ ഫാലിമി; റിവ്യൂ വായിക്കാം

Advertisement

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികളുടെ മുന്നലെത്തിച്ച നിർമ്മാണ കമ്പനിയാണ് ചിയേർസ് എന്റെർറ്റൈന്മെന്റ്സ്. ചിയേർസ് എന്റർടൈൻമെന്റ്സ്, സൂപ്പർ ഡൂപ്പർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഫാലിമി എന്ന ചിത്രവും ഇപ്പോൾ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുകയാണ്. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നിതീഷ് സഹദേവ് ആണ്. അദ്ദേഹവും സാൻജോ ജോസഫും ചേർന്നാണ് ഈ ഫാമിലി എന്റെർറ്റൈനെർ രചിച്ചത്.

ഡബ്ബിങ് ആർട്ടിസ്റ്റും അവിവാഹിതനുമായ അനൂപിന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും അപ്പൂപ്പനും അനിയനും ഉൾപ്പെടുന്നതാണ് അനൂപിന്റെ കുടുംബം. അതിൽ തന്നെ ജോലിക്കു പോകാത്ത അച്ഛനും കാശിക്ക് പോകാനായി ഇടയ്ക്കിടയ്ക്ക് വീട്ടിൽ നിന്ന് ചാടി പോകുന്ന അപ്പൂപ്പനും അനൂപിന് തല വേദന സൃഷ്ടിക്കുന്നുണ്ട്. അതിനൊപ്പമാണ് എത്ര ആലോചിച്ചിട്ടും നടക്കാത്ത കല്യാണവും. അങ്ങനെയിരിക്കെ അനൂപിന് ഒരു കല്യാണാലോചന വരികയും അതിന്റെ നിശ്ചയ ദിവസം ഉണ്ടാകുന്ന ഒരു സംഭവം, കുടുംബവുമായി കാശിക്ക് പോകാൻ അനൂപിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്.

Advertisement

ബേസിൽ ജോസഫാണ് അനൂപ് എന്ന കഥാപാത്രത്തിന് ജീവൻ പകരുന്നത്. അച്ഛനും അമ്മയും അനിയനും അപ്പൂപ്പനുമായി യഥാക്രമം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ്, മീനരാജ് രാഘവൻ എന്നിവരും വേഷമിട്ടിരിക്കുന്നു. പല കാര്യങ്ങളും തല തിരിഞ്ഞു നടക്കുന്ന ഈ കുടുംബത്തിന്റെ കഥയാണ് ഫാലിമി പറയുന്നത്.

വളരെ രസകരമായ മികച്ച ഒരു ഫാമിലി ചിത്രമാണ് നിതീഷ് സഹദേവ് എന്ന നവാഗതൻ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്. തന്റെ ആദ്യ ചിത്രം തന്നെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് നിതീഷ് സഹദേവ് എന്ന സംവിധായകന്റെ വിജയം. നിതീഷും സാൻജോയും ചേർന്നൊരുക്കിയ മികച്ച ഒരു തിരക്കഥയുടെ ലാളിത്യവും ഒരു സംവിധായകനെന്ന നിലയിൽ നിതീഷ് അതിന് നൽകിയ ദൃശ്യ ഭാഷയും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. വൈകാരിക രംഗങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഫാലിമിയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നുണ്ട്. വളരെ രസകരമായ കഥാ സന്ദര്ഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്നതുമെടുത്തു പറയണം. കുടുംബ ബന്ധങ്ങളിലെ സങ്കീർണതകളും കെട്ടുപാടുകളും വൈകാരികതയുമെല്ലാം ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് നിതീഷ് അവതരിപ്പിച്ചത്. വളരെ ഗൗരവം നിറഞ്ഞ സാഹചര്യത്തിൽ പോലും ഉണ്ടാകുന്ന ചിരിയുടെ മുകുളങ്ങളാണ് ഈ സിനിമയുടെ ശ്കതി. ഒരു ഫാമിലി കോമഡി ഡ്രാമ എന്നതിനൊപ്പം രണ്ടാം പകുതിയിൽ ഒരു റോഡ് മൂവിയുടെ രസവും ഈ ചിത്രം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്.

അനൂപ് എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വളരെ സ്വാഭാവികമായി തന്നെ അദ്ദേഹം ഈ വേഷമവതരിപ്പിച്ചു. അതുപോലെ അമ്മയുടെ കഥാപാത്രമായി മഞ്ജു പിള്ള നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. വളരെ വിശ്വസനീയമായും ഊർജസ്വലയായുമാണ് ഈ നടി തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നത്. അതുപോലെ തന്നെ രസകരമായിരുന്നു ജഗദീഷ്, സന്ദീപ്, മീനരാജ് രാഘവൻ എന്നിവരുടെ പ്രകടനവും. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച അഭിരാം, ജോമോൻ ജ്യോതിർ, റെയ്ന രാധാകൃഷ്ണൻ എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

ബബ്‌ലു അജു നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ചതാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. നിധിൻ രാജ് ആരോൾ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരവും ഒഴുക്കും പ്രദാനം ചെയ്യുന്നുണ്ട്. ആദ്യവസാനം ചിത്രത്തിന്റെ രസകരമായ മൂഡ് നിലനിർത്തിയതിൽ വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും മുഹ്‌സിൻ പരാരി രചിച്ച വരികളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും മനോഹരമായ കുടുംബ ചിത്രങ്ങളിൽ ഒന്നാണ് ഫാലിമി. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം അവരുടെ മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവം കൂടിയാണ് സമ്മാനിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close