കണ്ടവരെല്ലാം കയ്യടിക്കുന്നു; ഗംഭീര വിജയവുമായി വേല

Advertisement

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത വേല എന്ന ക്രൈം ത്രില്ലർ ഇപ്പോൾ മലയാള സിനിമാ പ്രേമികളുടെ കയ്യടി നേടി വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പാലക്കാടും പരിസര പ്രദേശത്തുമായി ചിത്രീകരിച്ച വേലയിൽ ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഓഫീസറായി ഷെയ്ൻ നിഗവും മല്ലികാർജ്ജുനൻ എന്ന പോലീസ് ഓഫീസറായി സണ്ണി വെയ്‌നും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മല്ലികാർജ്ജുനൻ എന്ന കഥാപാത്രമായി വില്ലൻ വേഷത്തിലെത്തിയ സണ്ണി വെയ്ൻ തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയിരിക്കുന്നത്. വളരെ അനായാസമായി അഭിനയിച്ചു കൊണ്ട് ഷെയ്ൻ നിഗവും പ്രേക്ഷക പ്രശംസയേറ്റു വാങ്ങുന്നു. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം മികച്ച വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമാണ്.

അത് കൊണ്ട് തന്നെ യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരും വേല ഏറ്റെടുക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം സിൻസിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്സ്‌. ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് വേലയുടെ സഹനിർമ്മാതാവ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എം സജാസ് ആണ്. സാം സി എസ്‌ സംഗീത സംവിധാനം നിർവഹിച്ച വേലക്ക് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുരേഷ് രാജൻ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് ഭുവനേന്ദ് എന്നിവരാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close