നിങ്ങൾ കണ്ട ഗോൾഡ് എൻ്റെ ഗോൾഡല്ല, അത് പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന്റെ ഗോൾഡ്; വെളിപ്പെടുത്തലുമായി അൽഫോൺസ് പുത്രൻ

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൺസ് പുത്രൻ ഈ അടുത്തിടെയാണ് താൻ തീയേറ്ററിന് വേണ്ടി സിനിമ സംവിധാനം ചെയ്യുന്നത് അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചത്. ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് തീയേറ്റർ ഫിലിം കരിയറിന് അവസാനം കുറിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹൃസ്വ ചിത്രങ്ങൾ, ഒടിടി ചിത്രങ്ങൾ, മ്യൂസിക് വീഡിയോ എന്നിവ ചെയ്യുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അൽഫോൺസ് പുത്രന്റെ അവസാന റിലീസ് ആയിരുന്നു പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ്. വലിയ പരാജയമായ ഗോൾഡ് ഏറെ വിമർശനങ്ങളും നേരിട്ടു. അതിന്റെ പേരിൽ അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും പലപ്പോഴായി വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ ഗോൾഡിനെ കുറിച്ച് അദ്ദേഹം പറഞ്ഞ പുതിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ വന്ന ആരാധകൻ്റെ ചോദ്യത്തിനാണ് അൽഫോൺസ് പുത്രൻ മറുപടി കൊടുത്തത്. പ്രേമത്തിന്‍റെ ഡിലീറ്റഡ് സീന്‍ റിലീസ് ചെയ്യുമോ എന്നായിരുന്നു ആരാധകൻ അൽഫോൺസ് പുത്രനോട് ചോദിച്ചത്.താൻ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രവുമായി യോജിക്കാത്ത രംഗങ്ങളാണ് പ്രേമത്തില്‍ നിന്ന് ഒഴിവാക്കിയത് എന്നും ജോര്‍ജ് തിരക്കഥയുമായി യോജിക്കുമായിരുന്നില്ലെങ്കിലും മലരും തിരക്കഥയുമായി യോജിക്കുമായിരുന്നില്ല എന്നും അൽഫോൺസ് പുത്രൻ പറയുന്നു. അതിനാല്‍ ഈ ചോദ്യം തന്നോട് വീണ്ടും ചോദിക്കരുത് എന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് ഗോൾഡിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വന്നത്.

Advertisement

നിങ്ങള്‍ കണ്ട ഗോള്‍ഡ് തന്റെ ഗോള്‍ഡ് അല്ല എന്നും കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ താൻ തന്റെ ലോഗോ വെക്കുക മാത്രമാണ് ചെയ്തത് എന്നും അൽഫോൺസ് പുത്രൻ വെളിപ്പെടുത്തുന്നു. കൈതപ്രം സാര്‍ എഴുതി, വിജയ് യേശുദാസും ശ്വേത മോഹനും പാടിയ ഗാനം തനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചില്ലെന്നും ആ പാട്ട് തനിക് ഭയങ്കര ഇഷ്ടമായിരുന്നു എന്നും അൽഫോൺസ് പുത്രൻ പറയുന്നു. ആ പാട്ടിന്‍റെ ചിത്രീകരണത്തിനായി എല്ലാ അഭിനേതാക്കളോടും രണ്ട് ദിവസത്തെ ഡേറ്റ് മാറ്റിവെക്കാന്‍ താൻ പറഞ്ഞെങ്കിലും അത് സംഭവിച്ചില്ലെന്നും, അതുപോലെ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൗകര്യങ്ങളുമൊന്നും ഗോൾഡിന്റെ ചിത്രീകരണ സമയത്ത് തനിക്ക് ലഭിച്ചില്ല എന്ന് അൽഫോൺസ് പുത്രൻ വിശദീകരിച്ചു. ആ സമയത്ത് തനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിംഗും എഡിറ്റിംഗും മാത്രമേ സ്വന്തമായി ചെയ്യാന്‍ സാധിച്ചുള്ളൂ എന്നും കുറിച്ച അൽഫോൺസ്, അതിനാല്‍ ഗോള്‍ഡ് മറന്നേക്കുക എന്നും പറഞ്ഞാണ് മറുപടി അവസാനിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close