എ ആർ മുരുഗദോസ് ചിത്രത്തിൽ മോഹൻലാൽ- ശിവകാർത്തികേയൻ ടീം; ഒപ്പം വിദ്യുത് ജമാലും മൃണാൾ താക്കൂറും

Advertisement

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏറ്റവും വലിയ വാർത്തകളിലൊന്നാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വീണ്ടും തമിഴിൽ അഭിനയിക്കുന്നു എന്നത്. ഈ അടുത്തിടെ മോഹൻലാൽ അതിഥി താരമായി എത്തിയ സൂപ്പർസ്റ്റാർ രജനികാന്ത്- നെൽസൺ ചിത്രമായ ജയിലർ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. അതിലെ പ്രകടനത്തിന് വമ്പൻ കയ്യടിയാണ് മോഹൻലാലിന് ലഭിച്ചത്. മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന ഗ്യാങ്സ്റ്റർ കഥാപാത്രം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറി. ഇപ്പോഴിതാ മോഹൻലാൽ മറ്റൊരു വമ്പൻ തമിഴ് ചിത്രത്തിലും നിർണ്ണായകമായ വേഷത്തിലെത്തിയേക്കുമെന്നുള്ള വാർത്തകളാണ് വരുന്നത്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ എ ആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചന. ശിവകാർത്തികേയനാണ് ഈ ചിത്രത്തിലെ നായകനായി എത്തുക.

മോഹൻലാലിനൊപ്പം ബോളിവുഡ് സൂപ്പർ താരം വിദ്യുത് ജമാൽ, ബോളിവുഡ് താരസുന്ദരി മൃണാൾ താക്കൂർ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുമെന്ന് വാർത്തകളുണ്ട്. മോഹൻലാലിന്റെ സാന്നിധ്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ലെങ്കിലും, വളരെ പ്രധാനപ്പെട്ട ഒരതിഥി വേഷം ചെയ്യാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചു എന്നാണ് വാർത്തകൾ പറയുന്നത്. ഇത് കൂടാതെ മറ്റ് രണ്ട് വലിയ തമിഴ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും അദ്ദേഹത്തെ സമീപിച്ചു എന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ദീന, ഗജിനി, തുപ്പാക്കി, കത്തി, തുടങ്ങിയ വമ്പൻ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് എ ആർ മുരുഗദോസ്. അദ്ദേഹമൊരുക്കാൻ പോകുന്ന ഈ പുതിയ ശിവകാർത്തികേയൻ ചിത്രം നിർമ്മിക്കുന്നത് ശ്രീ ലക്ഷ്മി മൂവീസ് ആണ്. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ഇതിന്റെ സംഗീത സംവിധായകൻ എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close