ദളപതി വിജയ് നായകനായ ലിയോ ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബർ പത്തൊൻപതിനാണ് ഈ ലോകേഷ് കനകരാജ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിനോടകം തന്നെ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. രണ്ട് മണിക്കൂർ 43 മിനിറ്റിലധികം ദൈർഘ്യമുള്ള ഈ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെൻസറിങ്ങിന്റെ പൂർണ്ണ വിവരങ്ങൾ അടങ്ങിയിട്ടുള്ള ലിയോയുടെ സെൻസർ സർട്ടിഫിക്കറ്റും ഇപ്പോൾ ലഭ്യമാണ്. 164 മിനിട്ടിനു മുകളിലുള്ള ലിയോ പ്രിന്റ് ആണ് സെൻസറിങ്ങിനായി സമർപ്പിച്ചത്. എന്നാൽ അതിൽ നിന്ന് ചില ഡയലോഗുകളും അതുപോലെ ചില വയലൻസ് രംഗങ്ങളും മാറ്റിയതിനോ ദൈർഘ്യം കുറച്ചതിനോ ശേഷം സർട്ടിഫിക്കറ്റ് നൽകിയ പ്രിന്റിന് 163 മിനിറ്റ് 34 സെക്കന്റ് ദൈർഘ്യം ആണുള്ളത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സെവെൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ ഇവർക്കൊപ്പം വമ്പൻ താരനിരയാണ് അഭിനയിച്ചത്. തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി, മൻസൂർ അലി ഖാൻ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ലിയോക്ക് സംഗീതം പകർന്നിരിക്കുന്നത്. മനോജ് പരമഹംസ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ്. കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ വിജയ്‌യുടെ ലിയോയും എന്നറിയാനാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.