സോഷ്യൽ മീഡിയ നിറഞ്ഞ് മോഹൻലാൽ നൃത്തം; ഏത് പാട്ടിനും സൂപ്പർ സിങ്കായി മോഹൻലാൽ ചുവടുകൾ.

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ എന്നും സോഷ്യൽ മീഡിയ സിനിമാ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. കേരളത്തിന് അകത്തും പുറത്തും മറ്റ് സിനിമാ ഇന്ഡസ്ട്രികളിൽ പോലും തന്റെ പ്രകടനം കൊണ്ട് ചർച്ചാവിഷയമാകുന്ന മോഹൻലാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത് തന്റെ നൃത്തചുവടുകളുടെ പേരിലാണ്. 21 വർഷം മുൻപ് റിലീസ് ചെയ്ത ഒന്നാമൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ മോഹൻലാലിൻറെ നൃത്തമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒന്നാമനിലെ പാട്ടിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ ഉള്‍പ്പെടുത്തിയ ഒരു റീല് രണ്ട് മാസം മുൻപ് ഇൻസ്റ്റഗ്രാമിൽ എത്തുകയും ബോളിവുഡ് താരസുന്ദരികൾ വരെ ഷെയർ ചെയ്ത് ആ റീല് വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിലെ മോഹൻലാലിന്റെ ചുവടുകൾ, ഇത് വിവിധ ഭാഷകളിലെ പല ഗാനങ്ങളോട് സിങ്ക് ചെയ്ത് പ്രചരിക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. ഒന്നാമന്‍ എന്ന ചിത്രത്തിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ നൃത്തമാണ് ഈ റീലുകൾക്ക് ആധാരം.

തെന്നിന്ത്യയിലെ ട്രേഡ് അനലിസ്റ്റുകൾ, സിനിമാ പ്രേമികൾ, ആരാധകർ എന്നിവരെല്ലാം ട്വിറ്റെർ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയെല്ലാം ഷെയർ ചെയ്യുന്ന ഈ വീഡിയോകൾ വലിയ രീതിയിലാണ് ഏവരും ഏറ്റെടുക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകൾ മാത്രമിട്ട് കയ്യടി നേടിയ എ10 ഡാന്‍സിംഗ് ഡെയ്‍ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തു വന്ന ട്രെൻഡ് ആണിത്. ഓഗസ്റ്റ് 10 ന് ആണ് ഒന്നാമൻ എന്ന ചിത്രത്തിലെ ഗാനരംഗമുൾപ്പെടുത്തിയ ഈ റീല് ആദ്യമായി എത്തിയത്. ല മാമ ഡെ ല മാമ എന്ന ഇന്റർനാഷണൽ സൂപ്പർ ഹിറ്റ് റാപ് ഗാനവുമായി സിങ്ക് ചെയ്താണ് അന്നീ വീഡിയോ പുറത്ത് വന്നത്.

Advertisement

താരസുന്ദരി മൃണാൾ താക്കൂർ അടക്കം ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകർക്കിടയിലും തരംഗമായ ഈ റീൽ ഇതിനോടകം പതിനാല് ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. ആര്‍ഡിഎക്സിലെ നീലനിലവേ, ബീസ്റ്റിലെ അറബിക് കുത്ത്, ലിയോയിലെ നാ റെഡി എന്നിവ തുടങ്ങി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ നിരവധി ഗാനങ്ങളുമായി സിങ്ക് ചെയ്ത് മോഹൻലാലിൻറെ ഈ ചുവടുകൾ സൂപ്പർ ഹിറ്റാവുകയാണ്. നൃത്തച്ചുവടുകളിലെ അനായാസതയുടെ പേരിൽ വലിയ കയ്യടി നേടിയിട്ടുള്ള മോഹൻലാൽ, ക്ലാസിക്കൽ ഡാൻസ് മുതൽ, വെസ്റ്റേൺ സ്റ്റൈൽ നൃത്തം വരെ മനോഹരമായി ചെയ്ത് കയ്യടി നേടിയിട്ടുള്ള, മലയാളത്തിലെ വിരലിലെണ്ണാവുന്ന നടന്മാരിൽ ഒരാളാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close