
ടിക് ടോക് വീഡിയോകളിലൂടെയും ഡബ്സ്മാഷുകളിലൂടെയും കിടിലൻ ഡാൻസ് രംഗങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ കല്യാണി ബി നായർക്ക് ആരാധകർ ഏറെയാണ്. മലയാളത്തിന്റെ പ്രിയ ഹാസ്യനടി ബിന്ദു പണിക്കരുടെ മകളെന്ന പേരിലാണ് തുടക്കത്തിൽ കല്യാണി ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, പിന്നീട് ഡാൻസിലൂടെയും മോഡലായി നിന്നുള്ള ചിത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ താരമായി.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലാവുന്നത് കല്യാണിയുടെ പുത്തൻ ഡാൻസ് വീഡിയോ ആണ്. കറുത്ത സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് ചുവട് വയ്ക്കുന്ന കല്യാണിയുടെ ഗ്രേസിങ് പെർഫോമൻസിനെ ആരാധകർ മതിയാവോളം പ്രശംസിക്കുന്നുണ്ട്. വീഡിയോയിൽ കല്യാണി അതീവ സുന്ദരിയുമാണെന്നും ആരാധകർ കുറിച്ചു. രൺബീർ കപൂറിന്റെ ഷംഷേര എന്ന ചിത്രത്തിലെ ഗാനത്തിനാണ് കല്യാണി ചുവടുവച്ചത് . കല്യാണിയുടെ എനർജറ്റിക് ഗ്രേസിങ് ഡാൻസ് പതിവ് പോലെ തകർത്തിട്ടുണ്ടെന്നാണ് ആരാധകർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലെ താരം ഉടൻ സിനിമയിലേക്കും അരങ്ങേറ്റം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, അഭിനയമല്ല നൃത്തത്തോടാണ് തനിക്ക് പ്രിയമെന്ന് കല്യാണി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. കണ്ണാടികൂടും കൂട്ടി എന്ന ഗാനത്തിന് കോളജ് പ്രോഗ്രാമിൽ മഞ്ജു വാര്യർക്കൊപ്പം ചുവടുവച്ച കല്യാണിയുടെയും സുഹൃത്തുക്കളുടെയും വീഡിയോയും വൈറലായിരുന്നു. മഞ്ജു വാര്യരുടെ ക്യൂട്ട് പെർഫോമൻസിനൊപ്പം വളരെ മനോഹരമായി ചുവട് വയ്ക്കുന്ന കല്യാണിയും അന്ന് പ്രശംസ പിടിച്ചുപറ്റി.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തുടക്കത്തിൽ അമ്മയ്ക്കും രണ്ടാനച്ഛൻ സായ്കുമാറിനുമൊപ്പം ഡബ്സ്മാഷും ടിക് ടോക് വീഡിയോയും ചെയ്താണ് സുപരിചിതയാകുന്നത്. പിന്നീട് ഡാൻസ് വീഡിയോകൾ ഒറ്റയ്ക്ക് ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കി.