ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്റെ ജീവിതം സിനിമയാകുന്നു; നായകനായി ശിവകാര്‍ത്തികേയൻ

Advertisement

ഇന്ത്യൻ പ്രീമിയർ ലീഗിൽ, സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഒരു തമിഴ്‌നാട്ടുക്കാരൻ യുവാവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരെയെത്തിയ കഥ സോഷ്യൽ മീഡിയ ഒരിക്കൽ ആഘോഷിച്ചിരുന്നു. നടരാജൻ എന്ന ആ ചെറുപ്പക്കാരന്റെ ജീവിതകഥ ഇപ്പോൾ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് തമിഴ് സിനിമാ ലോകം. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. തമിഴിലെ യുവതാരങ്ങളിൽ ഒരാളായ ശിവകാർത്തികേയൻ ആയിരിക്കും ഈ ചിത്രത്തിൽ നടരാജന്റെ വേഷം അവതരിപ്പിക്കുകയെന്നും, ശിവകാർത്തികേയൻ തന്നെ ഈ ചിത്രം സംവിധാനവും ചെയ്തേക്കാമെന്നും വാർത്തകൾ പറയുന്നു. ഇന്ന് തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായി വളർന്ന ആളാണ് ശിവകാർത്തികേയൻ. സ്വന്തമായി നിർമ്മാണ കമ്പനിയുമുള്ള ശിവകാർത്തികേയൻ ഇതിന് മുൻപും ക്രിക്കറ്റിന് പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

2020 ഡിസംബറിലായിരുന്നു ടി നടരാജൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇടംകയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ നടരാജൻ അറിയപ്പെടുന്നത് തന്റെ യോർക്കറുകൾക്കാണ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ തന്റെ ഗംഭീര യോർക്കറുകൾ കൊണ്ടാണ് ഈ യുവാവ് വിക്കറ്റുകൾ നേടുന്നതും റണ്ണൊഴുക്ക് തടയുന്നതും. സേലം സ്വദേശിയായ നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് ടീമിലെ താരം കൂടിയാണ്. അടുത്തിടെ പരിക്കുകൾ അലട്ടിയെങ്കിലും, ഇനി വരാൻ പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് വീണ്ടും ഇന്ത്യൻ ടീമിലെത്താനുള്ള പരിശ്രമത്തിലാണ് നടരാജൻ. ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത് പ്രിൻസ് എന്ന ചിത്രമാണ്. മാവീരൻ ആണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ശിവകാർത്തികേയൻ ചിത്രം.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close