ഇനി പോകുന്നത് അങ്ങോട്ടേക്ക്

Advertisement

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീമിയർ രണ്ട് ദിവസം മുൻപാണ് കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഈ പ്രീമിയറിന് വലിയ വരവേൽപ്പാണ്‌ സിനിമ പ്രേമികൾ നൽകിയത്. നൻ പകൽ നേരത്ത് മയക്കം എന്ന് പേരുള്ള ഈ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് നായകൻ. മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് എസ് ഹരീഷ് ആണ്. മികച്ച അഭിപ്രായമാണ് പ്രീമിയറിനു ശേഷം ഈ ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഹരീഷിന്റെ രചനാ മികവും ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ കയ്യടി ലഭിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മേക്കിങ്ങിനാണ്. പ്രീമിയറിന് ശേഷം അവിടെ വന്ന സിനിമാ പ്രേമികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു ലിജോ.

അവിടെ ഒരാൾ ചോദിച്ചത് ലിജോ ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. ഇനി മോഹൻലാൽ ചിത്രമാണ് ചെയ്യാൻ പോകുന്നതെന്നും, അവിടേക്കാണ് താൻ ഇവിടെ നിന്ന് നേരെ പോകുന്നതെന്നുമാണ് ലിജോ വെളിപ്പെടുത്തിയത്. ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പകുതിയോടെ രാജസ്ഥാനിൽ ആയിരിക്കും ആരംഭിക്കുകയെന്നാണ് സൂചന. ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാകും ഇതെന്നും വാർത്തകളുണ്ട്. ഏതായാലും ഇനി മോഹൻലാൽ ചിത്രമാണെന്ന വാക്കുകൾ ലിജോ പറഞ്ഞപ്പോൾ വലിയ ആരവത്തോടെയാണ് ഫിലിം ഫെസ്‌റ്റിവലിനെത്തിയ സിനിമാ പ്രേമികൾ ആ വാക്കുകളെ സ്വീകരിച്ചത്. മോഹൻലാൽ എന്ന മഹാനടനെ ലിജോ ജോസ് പെല്ലിശേരിയുടെ ഫ്രെയിമുകളിലൂടെ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ പ്രേമികൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close