
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ ഇപ്പോൾ ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുമ്പോൾ അതിൽ അതിഥി വേഷങ്ങൾ അവതരിപ്പിച്ച മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരും വലിയ കയ്യടിയാണ് നേടുന്നത്. അതിൽ തന്നെ മോഹൻലാൽ അവതരിപ്പിച്ച മാത്യൂസ് എന്ന ഡോൺ കഥാപാത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. ആ കഥാപാത്രത്തെ മുൻനിർത്തി ഒരു പുതിയ ചിത്രമൊരുക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ സംവിധായകൻ നെൽസനോട് സിനിമാ പ്രേമികൾ ആവശ്യപ്പെടുന്നത്. അത്പോലെ ശിവരാജ് കുമാർ അവതരിപ്പിച്ച നരസിംഹ എന്ന കഥാപാത്രത്തിനും വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്. കർണാടകയിലും കേരളത്തിലും ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡ് ജയിലർ സൃഷ്ടിച്ചതിന് കാരണം, യഥാക്രമം ശിവരാജ് കുമാർ, മോഹൻലാൽ എന്നിവരുടെ സാന്നിധ്യമാണ്.
ഇപ്പോഴിതാ, ശിവരാജ് കുമാർ മലയാളത്തിലേക്ക് വരുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രത്തിലൂടെയാകും അദ്ദേഹം എത്തുകയെന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. എന്നാൽ അത് മോഹൻലാലിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന എമ്പുരാനിലൂടെയാണോ അതോ സ്വയം നായകനായി സംവിധാനം ചെയ്യാൻ പോകുന്ന ടൈസണിലൂടെയാണോ എന്നത് വ്യക്തമല്ല. ടൈസൺ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിനാണ് ശിവരാജ് കുമാറിനെ പൃഥ്വിരാജ് സമീപിച്ചതെന്നും വാർത്തകളുണ്ട്. മുരളി ഗോപി രചിച്ച്, ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ടൈസണിൽ അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുമെന്നും വിവരങ്ങളുണ്ട്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ എംപുരാൻ സെപ്റ്റംബർ മുപ്പതിനാണ് ആരംഭിക്കുന്നത്