![](https://i0.wp.com/onlookersmedia.com/wp-content/uploads/2023/08/Saiju-Kurups-Pappachan-Olivilanu-running-successfully-in-Kerala..jpg?fit=1024%2C592&ssl=1)
പ്രശസ്ത നടൻ സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. നവാഗതനായ സിന്റോ സണ്ണി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കുടുംബമായി പോയിരുന്ന് പൊട്ടിച്ചിരിക്കാനുള്ള ഒട്ടേറെ നിമിഷങ്ങളാണ് ഈ ചിത്രം നൽകുന്നത്. വാ തുറന്നാൽ തള്ള് മാത്രം പറയുന്ന പാപ്പച്ചന്റെ ജീവിതത്തിൽ നടക്കുന്ന രസകരമായ കാര്യങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോഴീ ചിത്രം നേടുന്ന വിജയം. പാപ്പച്ചനായി സൈജു കുറുപ്പ് നൽകിയ പ്രകടനം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ഡയലോഗ് ഡെലിവറി കൊണ്ടും ശരീര ഭാഷ കൊണ്ടും ഹാസ്യം സൃഷ്ടിക്കുന്ന ഈ നടൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നതിൽ വിജയിക്കുന്നുണ്ട്.
ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത് എന്നിവരും വേഷമിട്ട ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ്. വിജയ രാഘവൻ, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം നസീർ എന്നിവർ ഇതിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ വലിയ കയ്യടി നേടുന്നുണ്ട്. ഔസേപ്പച്ചൻ ഈണം നൽകിയ ഇതിലെ ഗാനങ്ങളും ഇപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാനുള്ള ഘടകങ്ങൾ കോർത്തിണക്കിയതാണ് ഈ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനമായി നിൽക്കുന്നത്