എഴുപതുകളിലെ പ്രണയം പുനർജനിക്കുന്നു; സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി അടിയന്തരാവസ്ഥ കാലത്തെ അനുരാഗത്തിലെ വീഡിയോ ഗാനം

Advertisement

പ്രശസ്ത നടനും സംവിധായകനുമായ ആലപ്പി അഷറഫ്, ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ടൈറ്റസ് ആറ്റിങ്ങൽ ആണ്. അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. എഴുപതുകളിലെ പ്രണയം ആവിഷ്കരിച്ചിരിക്കുന്ന ഇതിലെ, പ്രണയത്തിൻ പൂവേ …എന്ന മനോഹരമായ വീഡിയോ ഗാനം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. ടൈറ്റസ് ആറ്റിങ്ങൽ രചിച്ച്, ടി.എസ്.ജയരാജ് ഈണമിട്ട് നജീം അർഷാദും ശ്വേതാ മോഹനും ചേർന്ന് പാടിയ ഈ ഗാനം ഒരു കാലഘട്ടത്തിന്റെ പ്രണയ രസങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന മനോഹരമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ ആലപ്പി അഷറഫ് അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ പശ്ചാത്തലം ഇതിൽ ഉപയോഗിച്ചിരിക്കുന്നെ ഉള്ളുവെന്നും, ഇതൊരു രാഷ്ട്രീയം പറയുന്ന ചിത്രമല്ല എന്നും ആലപ്പി അഷറഫ് വെളിപ്പെടുത്തിയിരുന്നു. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെ കഥ മുന്നോട്ട് കൊണ്ട് പോകുന്ന ഈ ചിത്രത്തിൽ പുതുമുഖമായ നഹാൽ ആണ് നായകനായി എത്തുന്നത്. ഗോപിക ഗിരീഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ബി.ടി.മണി കാമറ ചലിപ്പിക്കുകയും, എൽ. ഭൂമിനാഥൻ എഡിറ്റിംഗ് നിർവഹിക്കുകയും ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അഫ്സൽ യൂസഫ്, കെ. ജെ. ആൻ്റണി, ടി. എസ്. ജയരാജ് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close