അവതാര സത്യത്തിന്റെ വെളിപ്പെടുത്തലുമായി മോഹൻലാൽ; വിസ്മയത്തിന്റെ തിളക്കവുമായി മലൈക്കോട്ടൈ വാലിബൻ വരുന്നു

Advertisement

കുറച്ചു ദിവസങ്ങൾക്കു മുൻപ്, ഒരു ടീസറിലൂടെ മലയാളത്തിന്റെ മോഹൻലാലിൻറെ “അവതാരം” എന്ന വാക്കുകൾ സ്‌ക്രീനിൽ തെളിഞ്ഞതോടെ അത്ഭുതം കൊണ്ട് വിടർന്ന പ്രേക്ഷകരുടെ കണ്ണുകളിലേക്ക്, ലിജോ ജോസ് പെല്ലിശേരി എന്ന പുതിയ കാലഘട്ടത്തിന്റെ ഇതിഹാസമായ സംവിധായകൻ തൊടുത്തു വിട്ടത്, കാണാൻ പോകുന്ന വിസ്മയത്തിന്റെ ഒരു ചെറു തിളക്കം മാത്രം. അസാമാന്യമായ ശബ്ദ ക്രമീകരണത്തിലൂടെ തന്റെ തനതായ ശൈലിയിൽ മോഹൻലാലിൻറെ ഗംഭീര ശബ്ദം മുഴങ്ങുമ്പോൾ കാത് കൂർപ്പിക്കുന്നത് പ്രേക്ഷക സമൂഹവും സിനിമാ ലോകവും. ഉയർന്നു പൊങ്ങുന്ന വസ്ത്രത്തിന്റെ മറവിൽ നിന്നും സൂര്യ തേജസ്സോടെ മലയാളികളുടെ ഹൃദയവും മലയാളി സ്വത്വത്തിന്റെ കണ്ണാടി പോലെ നാല് പതിറ്റാണ്ടിലധികമായി അതിരും എതിരുമില്ലാതെ വിരാജിക്കുന്ന മുഖവുമായ മോഹൻലാൽ തെളിഞ്ഞു വരുമ്പോൾ, പുറകിൽ മുഴങ്ങുന്ന സംഭാഷണ ശകലങ്ങൾ നാല് ദിക്കുകളിലും പ്രകമ്പനം കൊള്ളുന്നു. ഇതുവരെ കണ്ടതെല്ലാം ‘പൊയ്’, ഇനി കാണാൻ പോകുന്നതെന്തോ, അതാണ് ‘സത്യം’.

മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ ചർച്ചയായതിന് ഒപ്പം, ഇപ്പോൾ അതിലെ ആദ്യ ഗാനവും പ്രേക്ഷകരിൽ പ്രതീക്ഷ പരത്തുകയാണ്. പ്രശാന്ത് പിള്ളയുടെ അമ്പരപ്പിക്കുന്ന സംഗീതം, മധു നീലകണ്ഠന്റെ ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങൾ, ഒപ്പം സ്‌ക്രീനിൽ വിസ്മയങ്ങളുടെ രാജാവായ ഒരു മഹാനടനും. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നുവോ അതിനപ്പുറം നൽകാനുള്ള ആഴവും പരപ്പും ഇതിനുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇപ്പോൾ വന്ന ഈ ഗാനവും സമ്മാനിക്കുന്നത്. പി എസ് റഫീഖ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരണ്മയിയും ചേർന്നാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി അടുത്ത വർഷം ജനുവരി 25 നാണ് റിലീസ് ചെയ്യുക. സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close