മൂന്ന് ചിത്രങ്ങൾ, വമ്പൻ പ്രതീക്ഷകൾ, ഉറപ്പ് നൽകുന്ന കൂട്ടുകെട്ടുകൾ; ഡങ്കിയും സലാറും നേരുമായി ഷാരൂഖ് ഖാൻ, പൃഥ്വിരാജ് ഒപ്പം മോഹൻലാലും

Advertisement

2023 എന്ന വർഷം അവസാനത്തോട് അടുക്കുമ്പോൾ, സിനിമയെ സ്നേഹിക്കുന്ന ഏവരും കാത്തിരിക്കുന്ന ക്രിസ്മസ് ബോക്സ് ഓഫിസ് പോരാട്ടവും അടുത്ത് വരികയാണ്. ഇത്തവണ മൂന്ന് വമ്പൻ ചിത്രങ്ങളാണ് കേരളക്കരയിലെ ബോക്സ് ഓഫീസ് കണക്കുകളെ തീ പിടിപ്പിക്കുക. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര്, ബ്രഹ്മാണ്ഡ പ്രശാന്ത് നീൽ- പ്രഭാസ്- പൃഥ്വിരാജ് ചിത്രമായ സലാർ, ഷാരൂഖ് ഖാൻ- രാജ് കുമാർ ഹിറാനി ടീമിന്റെ ബോളിവുഡ് ചിത്രമായ ഡങ്കി എന്നിവയാണവ. സിനിമാ പ്രേമികൾക്ക് ഗംഭീര സിനിമാനുഭവം പകർന്നു നൽകിയിട്ടുള്ള കൂട്ടുകെട്ടുകളും അണിയറ പ്രവർത്തകരുമാണ് ഈ ചിത്രങ്ങളുടെ പിന്നിൽ എന്നതാണ് ഏറ്റവും വലിയ ആകർഷണ ഘടകം. ഈ മൂന്ന് ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും പ്രേക്ഷകർക്ക് പകർന്ന് നൽകുന്നത് അത്തരത്തിലൊരു ഉറപ്പാണ്. ഡിസംബർ 21 ന് ആഗോള റിലീസായി എത്തുന്ന നേര് സംവിധാനം ചെയ്ത ജീത്തു ജോസഫ്, മോഹൻലാൽ ആരാധകരോടും സിനിമാ പ്രേമികളോടും പറയുന്നത് ഇതൊരു നല്ല ചിത്രമായിരിക്കുമെന്നും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന പൂർണ്ണമായ വിശ്വാസം ഉണ്ടെന്നുമാണ്.

ദൃശ്യം, ദൃശ്യം 2 എന്നീ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾക്കും ട്വൽത് മാൻ എന്ന ഒടിടി സൂപ്പർ ഹിറ്റിനും ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തു വരുന്ന നേര്, ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ്. കെ ജി എഫ് എന്ന ബ്രഹ്മാണ്ഡ സിനിമാ സീരിസിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ സലാറിന്റെ ആകർഷണം പ്രഭാസ്- പൃഥ്വിരാജ് കൂട്ടുകെട്ടാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ കെ ജി എഫിനേക്കാൾ ശ്കതമായ ഒരു ചിത്രമായിരിക്കുമെന്നാണ് പൃഥ്വിരാജ് നൽകുന്ന ഉറപ്പ്. രാജ് കുമാർ ഹിറാനിക്കൊപ്പം ഷാരൂഖ് ഖാൻ ആദ്യമായി ഒന്നിച്ച ഡങ്കി, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നാണ് ഷാരുഖ് ഖാൻ ആരാധകർക്ക് നൽകുന്ന വാഗ്‌ദാനം. ഒരിക്കലും നിരാശപ്പെടുത്താത്ത സംവിധായകർക്കൊപ്പം വെള്ളിത്തിരയിലെ മിന്നും താരങ്ങൾ ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഓരോ പ്രേക്ഷകനും ആകാശത്തോളമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close