മലയാള സിനിമ പ്രേമികളുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് സംഗീത് ശിവൻ. മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംഗീത് ശിവൻ ഒരുക്കിയ വമ്പൻ ഹിറ്റുകളാണ് പിൽക്കാലത്ത് ക്ലാസിക് ആയി മാറിയ യോദ്ധയും നിർണ്ണയവുമെല്ലാം. ഗാന്ധർവ്വം എന്ന സൂപ്പർ ഹിറ്റും ഒരുക്കിയ ഒരുക്കിയ അദ്ദേഹം സംവിധാനം ചെയ്ത മറ്റു മലയാള ചിത്രങ്ങളാണ് വ്യൂഹം, ഡാഡി, ജോണി, സ്നേഹപൂർവ്വം അന്ന എന്നിവ. മലയാളം കൂടാതെ ഹിന്ദിയിലും ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സംഗീത് ശിവൻ. സോർ, ചുരാ ലിയാ ഹൈ തുംനെ, ക്യാ കൂൾ ഹൈ ഹം, അപ്ന സപ്ന മണി മണി, ഏക്, ക്ലിക്ക്, യംല പഗ് ലാ ദീവാനാ 2 എന്നിവയൊക്കെതയാണ് അദ്ദേഹം ഹിന്ദിയിൽ ഒരുക്കിയത്. ഇപ്പോഴിതാ ഒരു വലിയ ഇടവേളക്ക് ശേഷം അദ്ദേഹം സംവിധായകനായി തിരിച്ചെത്തുകയാണ്.
ജിത്തു മാധവൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കിലൂടെയാണ് സംഗീത് ശിവൻ തിരിച്ചു വരുന്നത്. ഹിന്ദി റീമേക്കിന്റെ തിരക്കഥ രചന പൂർത്തിയായി എന്നും, ഹിന്ദിക്ക് വേണ്ടിയുള്ള ചെറിയ ചില മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് തന്റെ ഭാവി പ്ലാനുകളെ കുറിച്ച് സംഗീത് ശിവൻ മനസ്സ് തുറന്നത്. പ്രശസ്ത ക്യാമറാമാനും സംവിധായകനായ സന്തോഷ് ശിവന്റെ സഹോദരൻ കൂടിയായ സംഗീത് ശിവൻ, മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കാനുള്ള ആഗ്രഹവും തുറന്നു പറഞ്ഞു. മമ്മൂട്ടിക്ക് ചേർന്ന ഒരു കഥ വന്നാൽ തീർച്ചയായും അദ്ദേഹത്തോടൊപ്പം ചേർന്ന് ഒരു സിനിമ സംഭവിക്കുമെന്നും മോഹൻലാലിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ഒരു വിഷയം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പവും ഇനിയും സിനിമകൾ ഉണ്ടാകുമെന്നും സംഗീത് ശിവൻ പറയുന്നു.