മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമായ മൂവി സീരീസാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം സീരിസ്. 2013 ഇൽ റിലീസ് ചെയ്ത ഇതിന്റെ ആദ്യ ഭാഗം മഹാവിജയമാണ് നേടിയത്. മലയാളത്തിൽ ആദ്യമായി അൻപത് കോടി ക്ലബിൽ കയറിയ ചിത്രമാണിത്. അതിനു ശേഷം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിംഹളീസ്, ചൈനീസ് ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്തു. ഇൻഡോനേഷ്യൻ ഭാഷയിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശവും വിറ്റു പോയി. 2021 ലാണ് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ ഹിറ്റായ ഈ ചിത്രവും തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക് ചെയ്തിരുന്നു. ഇപ്പോഴിതാ അന്താരാഷ്ട്ര സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോ ഇന്റർനാഷണൽ ലിമിറ്റഡ് ഈ സീരിസിന്റെ വിദേശ ഭാഷാ റീമേക്ക് അവകാശം സ്വന്തമാക്കിക്കഴിഞ്ഞു.
ഹോളിവുഡ് റീമേക്ക് ഉൾപ്പെടെയുള്ള അവകാശമാണ് അവർ നേടിയിരിക്കുന്നത്. ഫിലിപ്പിനോ, സിംഹളീസ്, ചൈനീസ് ഭാഷകൾ ഒഴിച്ചുള്ള അവകാശമാണ് അവർ സ്വന്തമാക്കിയത്. ഇതിന്റെ ആദ്യ ഭാഗവും രണ്ടാം ഭാഗവും ഇനി ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പനോരമ റീമേക്ക് ചെയ്യും. ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചൈനീസ് റീമേക് അവകാശവും തങ്ങൾ നേടിയിട്ടുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. ദൃശ്യം ഒന്നാം ഭാഗത്തിന്റെ ചൈനീസ് റീമേക് അവിടുത്തെ സർവകാല വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിന്റെ സിംഹളീസ് ഉൾപ്പെടെയുള്ള റീമേക്കുകൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാൽ നായകനായ ഈ ജീത്തു ജോസഫ് മൂവി സീരിസിലെ മൂന്നാമത്തേയും അവസാനത്തേയും ഭാഗവും ജീത്തു ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം സീരിസ് നിർമ്മിച്ചത്.