മലയാളത്തിൽ കഴിഞ്ഞയാഴ്‌ച റീലീസ് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച ജനപിന്തുണ നേടി മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച റീലീസ് ചെയ്ത ചിത്രങ്ങളോടൊപ്പം രോമാഞ്ചവും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയാണ് പ്രദർശനം തുടരുന്നത്. ധനുഷ് നായകനായ തമിഴ് ചിത്രം വാത്തി, ലാൽ, അനഘ നാരായണൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഡിയർ വാപ്പി, മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ വേഷമിട്ട ക്രിസ്റ്റി, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട് ടീമിന്റെ എങ്കിലും ചന്ദ്രികേ എന്നിവയാണ് കഴിഞ്ഞയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രങ്ങൾ. അതിൽ തന്നെ ലാൽ, അനഘ എന്നിവരുടെ ഗംഭീര പ്രകടനവുമായി, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഡിയർ വാപ്പി പ്രേക്ഷകരും നിരൂപകരും വലിയ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്.
മാത്യു തോമസ്, മാളവിക മോഹനൻ ടീമിന്റെ ക്രിസ്റ്റി ഒരു റൊമാന്റിക് ഡ്രാമയാണ്. നവാഗതനായ ആൽവിൻ ഹെൻട്രി സംവിധാനം ചെയ്ത ഈ പ്രണയകഥ രചിച്ചത് പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ്. യുവ പ്രേക്ഷകരാണ് ഈ ചിത്രത്തെ മികച്ച വിജയമാക്കി മാറ്റുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്ത ചിത്രമാണ് ധനുഷ് നായകനായ വാത്തി. മലയാളി നടി സംയുക്ത മേനോൻ നായികാ വേഷം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. വിദ്യാഭ്യാസ കച്ചവടത്തെ പൊളിച്ചെഴുതുന്ന ഈ ചിത്രത്തിൽ, ബാലകുമരൻ എന്ന അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ഒരു മാസ്സ് എന്റർടൈനറായി ആണ് വാത്തി ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ആഗോള ഗ്രോസ്സായി 50 കോടിക്കു മുകളിൽ ഈ ധനുഷ് ചിത്രം നേടുകയും ചെയ്തു.