മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഈ മോഹൻലാൽ ചിത്രം 2005 ജനുവരിയിലാണ് റിലീസ് ചെയ്തത്. ശ്രീനിവാസൻ രചിച്ച ഈ ചിത്രം മഹാവിജയമാണ് നേടിയത്.
20 വർഷത്തിന് ശേഷം ചിത്രം 2025 ൽ റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഒരുപിടി മലയാള ചിത്രങ്ങൾ റീ റിലീസ് ചെയ്തെങ്കിലും അതിൽ മോഹൻലാൽ നായകനായ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവ മാത്രമാണ് വിജയം നേടിയത്. അത്കൊണ്ട് തന്നെ വീണ്ടുമൊരു മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസ് പ്രേക്ഷകരിൽ ആവേശം ഉണ്ടാക്കുന്നുണ്ട്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഉദയനാണ് താരം. ‘എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത് 2005 ജനുവരിയിലാണ്. 20 വർഷങ്ങൾക്ക് ശേഷം 2025 ൽ ചിത്രം റീ റിലീസ് ചെയ്യാൻ പോകുന്നു’, എന്നാണ് റോഷൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. മോഹൻലാൽ, ശ്രീനിവാസൻ എന്നിവരെ കൂടാതെ മീന, മുകേഷ്, ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, സലിം കുമാർ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
4K ഡോൾബി അറ്റ്മോസിന്റെ സഹായത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ മേന്മയോടെ ആകും ചിത്രം റീ റിലീസ് ചെയ്യുക. ഷാഹിദ് കപൂർ, പൂജ ഹെഗ്‌ഡെ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ബോളിവുഡ് സിനിമയായ ദേവയാണ് റോഷൻ ആൻഡ്രൂസ് ഒരുക്കി ഇനി പുറത്തു വരാനുള്ള ചിത്രം. ബോബി – സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം 2025 ജനുവരി 31 ന് റിലീസ് ചെയ്യും. റോഷൻ ഒരുക്കിയ മലയാള ചിത്രമായ മുംബൈ പോലീസിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രമെന്നാണ് സൂചന.