അമർചിത്രകഥയുടെ ലോകത്ത് നിന്നൊരു മലൈക്കോട്ടൈ വാലിബൻ; ആദ്യ പകുതിയുടെ പ്രതികരണങ്ങൾ ഇങ്ങനെ

Advertisement

മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബനാണ്‌ ഇന്ന് മലയാളക്കരയുടെ സംസാര വിഷയം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി മാറിയ ഈ ചിത്രം ഇന്ന് രാവിലെ ആറര മുതലാണ് കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. ഉജ്ജ്വലമായ സ്വീകരണമാണ് ഈ മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന് പ്രേക്ഷകർ നൽകിയത്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ എന്ന ടൈറ്റിൽ സ്‌ക്രീനിൽ തെളിഞ്ഞതോടെ തീയേറ്ററുകൾ പൂരപ്പറമ്പുകളായി മാറുന്ന കാഴ്ചയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു അമർ ചിത്ര കഥപോലെ മുന്നോട്ട് നീങ്ങുന്ന ഈ ചിത്രത്തിന്റെ ഗതി തന്നെ മാറുന്നത് വാലിബനായി കംപ്ലീറ്റ് ആക്ടർ സ്‌ക്രീനിലെത്തുന്നതോടെയാണ്. ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ വാക്കുകൾ പോലെ, തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കുന്ന പ്രതികരണമാണ് മോഹൻലാലിൻറെ ആദ്യ വരവിന് പ്രേക്ഷകർ നൽകിയത്. ആക്ഷനും ഗാനങ്ങളും വൈകാരിക നിമിഷങ്ങളും ആകാംഷയും നിറക്കുന്ന മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഈ ചിത്രത്തിന്റെ ഇന്റെർവൽ ഭാഗവും പ്രേക്ഷകരെ ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്നുണ്ട്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥയും അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളും സംഗീതവുമാണ് ആദ്യ പകുതി കഴിയുമ്പോൾ മലൈക്കോട്ടൈ വാലിബൻ സമ്മാനിക്കുന്നത്.

Advertisement

ചിത്രത്തിലെ ആക്ഷനും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. മോഹൻലാൽ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മധു നീലകണ്ഠന്റെ ദൃശ്യങ്ങളും, പ്രശാന്ത് പിള്ളയുടെ സംഗീതവും ചേർന്ന് ലിജോ ജോസ് പെല്ലിശേരിയുടെ സങ്കൽപ്പങ്ങളെ മോഹൻലാൽ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് മലൈക്കോട്ടൈ വാലിബൻ ഇതിനോടകം സമ്മാനിച്ചത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close