രണ്ട് ദിവസം മുൻപാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച എലോൺ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ എലോൺ മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ നേടിയത്. മലയാളത്തിൽ വളരെ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ള. ഒരു നടൻ മാത്രം അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് എലോൺ. ആ വ്യത്യസ്തത തന്നെയാണ് പ്രേക്ഷകരെ ഇതിലേക്ക് ആകർഷിച്ചതും. മാസ്സ് ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് ഷാജി കൈലാസ്. അദ്ദേഹം മോഹൻലാലിനൊപ്പം ഒന്നിച്ചപ്പോഴൊക്കെ മാസ്സ് ചിത്രങ്ങളാണ് നമ്മുക്ക് ലഭിച്ചിട്ടുള്ളതും. ആറാം തമ്പുരാൻ, നരസിംഹം പോലത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും വരുമ്പോൾ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷകളെ, ഒരു പരീക്ഷണ ചിത്രം കൊണ്ടാണ് ഇവർ മറികടക്കുന്നത്. തന്നിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു ചിത്രമെടുത്ത്, അത് വിജയിപ്പിക്കുക എന്ന ദൗത്യമാണ് ഷാജി കൈലാസ് ഇവിടെ നിർവഹിച്ചിരിക്കുന്നത്.
ഒരാൾ മാത്രം രണ്ട് മണിക്കൂറോളം സ്‌ക്രീനിൽ ഉള്ളപ്പോൾ പ്രേക്ഷകർക്ക് അനുഭവപ്പെടാവുന്ന വിരസതയുടെ വെല്ലുവിളിയും ഈ ചിത്രം മറികടക്കുന്നത്, മോഹൻലാലിന്റെ ഗംഭീര പ്രകടനവും ഷാജി കൈലാസിന്റെ മികച്ച മേക്കിങ്ങും കൊണ്ടാണ്. കോവിഡ് ലോക്ക് ഡൌൺ കാലഘട്ടത്തെ ഭീകരമായ ഒറ്റപ്പെടലിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുമ്പോഴും, ഒരു ത്രില്ലർ പോലെ പ്രേക്ഷകരിൽ ആകാംഷ നിറച്ചു കൊണ്ട് കഥ പറയാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സമീപകാലത്തു വന്ന മലയാള സിനിമകളിൽ ഏറ്റവും ചെറിയ മുതൽ മുടക്കിൽ, വെറും 17 ദിവസം കൊണ്ട് ഒരു ഫ്ലാറ്റിൽ മാത്രമായി ചിത്രീകരിച്ച സിനിമ കൂടിയാണ്. ആ പരീക്ഷണത്തിനും ധൈര്യത്തിനും പ്രേക്ഷകർ നൽകുന്ന കയ്യടിയാണ് ഈ ചിത്രത്തിന്റെ വിജയം.