ജയന്ത് സഖൽക്കറായി ഞെട്ടിച്ചു കൊണ്ട് ഗിരീഷ് കുൽക്കർണി; കയ്യടി നേടി തങ്കം മുന്നേറുന്നു

Advertisement

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം ഒരു ക്രൈം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. മുത്തു എന്ന കഥാപാത്രമായി ബിജു മേനോനും, കണ്ണൻ എന്ന കഥാപാത്രമായി വിനീത് ശ്രീനിവാസനും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ കയ്യടി നേടുന്ന മറ്റൊരു താരം, ജയന്ത് സഖൽക്കർ എന്ന പോലീസ് കഥാപാത്രമായി അഭിനയിച്ച മറാത്തി നടൻ ഗിരീഷ് കുൽക്കർണിയാണ്. അദ്ദേഹം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് തങ്കം. ഗിരീഷ് കുൽക്കര്‍ണിയുടെ ശരീര ഭാഷയും ഡയലോഗ് ഡെലിവറിയുമെല്ലാം വലിയ പ്രശംസയാണ് നേടുന്നത്. വളരെ നിർണ്ണായകമായ ഒരു വേഷമാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നത്.

വളരെ കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ഈ നടൻ തന്റെ മലയാളം അരങ്ങേറ്റം ഗംഭീരമാക്കി എന്ന് തന്നെ പറയാം. ബോളിവുഡ് ചിത്രമായ ദംഗല്‍, അഗ്ലി എന്നിവയിലൂടെയും, വെബ് സീരീസുകളായ സേക്രഡ് ഗെയിമ്സ്, ഫയര്‍ബ്രാൻഡ് എന്നിവയിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം ദേശീയ പുരസ്‍കാര ജേതാവ് കൂടിയാണ്. ഡ്യൂൾ എന്ന മറാത്തി സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ളതും, അതേ ചിത്രം രചിച്ചതിന് മികച്ച രചയിതാവിനുള്ളതുമായ ദേശീയ പുരസ്‍കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ആറോളം സിനിമകൾ രചിച്ച അദ്ദേഹം ഹിന്ദി, മറാത്തി ഭാഷകളിലായി ഇരുപതിന്‌ മുകളിൽ ചിത്രങ്ങളിലാണ് അഭിനയിച്ചത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച തങ്കത്തിൽ അപർണ്ണ ബാലമുരളി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും മറ്റു മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിച്ചിരിക്കുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close