മിന്നൽ മുരളിയേക്കാൾ വലിയ സൂപ്പർ ഹീറോ അയ്യപ്പൻ: ഉണ്ണി മുകുന്ദൻ

Advertisement

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി മുന്നോട്ട് കുതിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം അൻപത് കോടിയോളം ബിസിനസ്സ് ഇതുവരെ നടത്തിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 35 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും വമ്പൻ ജനപിന്തുണയോടെയാണ് പ്രദർശനം തുടരുന്നത്. ഈ ചിത്രത്തിൽ ശബരിമല ശാസ്താവിനെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസയാണ് ഇതിലെ പ്രകടനത്തിന് ഉണ്ണി മുകുന്ദന് ലഭിക്കുന്നത്. ഇപ്പോഴിതാ സൂപ്പർ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഉണ്ണിക്ക്, മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ആയി ടോവിനോ തോമസിനെ കണ്ടപ്പോൾ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന ഉത്തരം ശ്രദ്ധ നേടുകയാണ്.

മിന്നൽ മുരളിയേക്കാൾ വലിയ സൂപ്പർ ഹീറോ ആണ് അയ്യപ്പനെന്നും അതിനുള്ള ഭാഗ്യം ലഭിച്ചതിൽ ഏറെ സന്തോഷവാനാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അയ്യപ്പനായിട്ട് ഇനി വേറെ ഒരാൾക്ക്, ഇതുപോലെ ഒരു ചിത്രം ചെയ്യാൻ കഴിയുമോ എന്ന് സംശയമാണെന്നും ഉണ്ണി മുകുന്ദൻ സൂചിപ്പിക്കുന്നു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഈ പ്രതികരണം നടത്തിയത്. ഏതായാലും അയ്യപ്പനായിട്ട് ഉണ്ണി മുകുന്ദൻ നടത്തിയ പ്രകടനം കേരളത്തിലെ കുടുംബ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ഈ നടന് നേടിക്കൊടുത്തിരിക്കുന്നത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അഭിലാഷ് പിള്ളയാണ്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close