ദൃശ്യവും വീണു; 60 കോടിയും കടന്ന് കണ്ണൂർ സ്‌ക്വാഡിന്റെ കുതിപ്പ്.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് ബോക്സ് ഓഫീസിലെ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള കളക്ഷൻ 60 കോടിയും പിന്നിട്ട് കുതിക്കുന്ന ഈ ചിത്രം, ഏറ്റവും കൂടുതൽ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി. 2013 മുതൽ ആദ്യ പത്തിൽ നിലനിന്നിരുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം ഇതോടെ ആദ്യ പത്തിൽ നിന്ന് 10 വർഷത്തിന് ശേഷം പുറത്താവുകയും ചെയ്തു. 2018 , പുലി മുരുകൻ, ലൂസിഫർ, ഭീഷ്മ പർവ്വം, ആർ ഡി എക്സ് , കുറുപ്പ്, പ്രേമം, രോമാഞ്ചം, കായംകുളം കൊച്ചുണ്ണി എന്നിവയാണ് ഇനി കണ്ണൂർ സ്‌ക്വാഡിന് മുന്നിലുള്ളത്. 85 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഭീഷ്മ പർവത്തെ മറികടന്ന് മമ്മൂട്ടിയുടെ ഏറ്റവും വലിയ ആഗോള ഗ്രോസ്സറായി കണ്ണൂർ സ്‌ക്വാഡ് മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Advertisement

കേരളാ ഗ്രോസ് 30 കോടി പിന്നിട്ട ഈ ചിത്രം വിദേശ കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഭീഷ്മ പർവത്തിന് ശേഷം ഏറ്റവും കൂടുതൽ വിദേശ കളക്ഷൻ നേടുന്ന മമ്മൂട്ടി ചിത്രമായും കണ്ണൂർ സ്‌ക്വാഡ് മാറിക്കഴിഞ്ഞു. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. മമ്മൂട്ടിയുടെ തന്നെ മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, ഷെബിൻ ബെൻസൺ, സജിൻ ചെറുക്കയിൽ, സണ്ണി വെയ്ൻ, ധ്രുവൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ എന്നിവരും വേഷമിട്ട കണ്ണൂർ സ്‌ക്വാഡിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close