യഥാർത്ഥ സംഭവങ്ങളുടെ ആവേശകരമായ ആവിഷ്കാരം; ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണത്തിന്റെ പുതിയ മുഖവുമായി മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് എത്തുന്നു.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ ഇരുപത്തിയെട്ടിന് ആഗോള റിലീസായി എത്തുകയാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രചിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവർ ചേർന്നാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയും അതോടൊപ്പം പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലുമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച്, അവരുടെ അനുഭവങ്ങൾ ശേഖരിച്ച്, അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വലിയ റിസർച്ചിനും ശേഷമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കപ്പെട്ടത്. യഥാർത്ഥ സംഭവങ്ങൾ പറയുമ്പോൾ അതിനോട് നീതി പുലർത്തുന്നതിനൊപ്പം തന്നെ, ഒരു സിനിമയെന്ന രീതിയിൽ പ്രേക്ഷകരെ രസിപ്പിക്കുക എന്നതിനും വളരെയധികം പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതെന്ന് രചയിതാക്കൾ എടുത്തു പറയുന്നുണ്ട്.

നിയമ വ്യവസ്ഥയെ കബളിപ്പിച്ചു കൊണ്ട് രക്ഷപെടുന്ന ക്രിമിനലുകളെ അന്യ സംസ്ഥാനത്തേക്ക് വരെ പോയി കണ്ടെത്താൻ, പോലീസ് ഉണ്ടാക്കുന്ന സമർത്ഥരായ ഉദ്യോഗസ്ഥരുടെ ഒരു ടീമാണ് ഇത്തരം പല പല പേരുകളിലുള്ള സ്ക്വാഡുകളായി അറിയപ്പെടുന്നത്. അങ്ങനെ ചില പ്രധാന കേസുകളിൽ കേരളത്തിൽ രൂപപെട്ടിട്ടുള്ള സ്ക്വാഡുകളുടെ കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഈ ചിത്രത്തിൽ, മമ്മൂട്ടി അവതരിപ്പിക്കുന്ന ജോർജ് മാർട്ടിൻ നേതൃത്വം നൽകുന്ന ഒരു പോലീസ് സ്‌ക്വാഡ് ആണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇത്തരമൊരു അന്തർ സംസ്ഥാന പോലീസ് അന്വേഷണത്തിൽ അവർ നേരിടുന്ന വെല്ലുവിളികളും അവർ എടുക്കുന്ന ശ്രമങ്ങളുടെ വ്യാപ്തിയും അതുപോലെ അവരുടെ ബുദ്ധികൂർമ്മതയുമെല്ലാം വളരെ ആവേശകരമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് കണ്ണൂർ സ്‌ക്വാഡിൽ നടത്തിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആവേശകരമായ സിനിമാനുഭവം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും. മമ്മൂട്ടിക്കൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, വിജയ രാഘവൻ, കിഷോർ, ശ്രീകുമാർ, ശരത് സഭ, സണ്ണി വെയ്ൻ, ദീപക് പറമ്പോൾ, സജിൻ ചെറുക്കയിൽ, ഷെബിൻ ബെൻസൺ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close