
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ജിയോ ബേബി ഒരുക്കിയ ചിത്രമാണ് കാതൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. എന്നാൽ അതിന് മുൻപ് തന്നെ ഗോവയിൽ നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിക്കും. കാതൽ എന്ന ചിത്രവും മമ്മൂട്ടി എന്ന നടനും പ്രേക്ഷകരെ ശരിക്കും അമ്പരപ്പിക്കുമെന്നും, ഈ ചിത്രം മേളയുടെ സർപ്രൈസ് ആയി മാറുമെന്നും ജൂറി അംഗവും മലയാള സംവിധായകനുമായ വ്യാസൻ കെ പി പറയുന്നു. പുതുമുഖമായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന മലയാള ചിത്രമാണ് മേളയുടെ ഉത്‌ഘാടന ചിത്രം.
ആട്ടം, കാതൽ, മാളികപ്പുറം, ഇരട്ട, ന്നാ താൻ കേസ് കൊട്, 2018 പൂക്കാലം എന്നീ ഏഴു മലയാള ചിത്രങ്ങളാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിലുള്ളത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന കാതൽ രചിച്ചത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രശസ്ത തമിഴ് നടിയായ ജ്യോതികയാണ്. ഇവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സാലു കെ തോമസ്, എഡിറ്റിംഗ് നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസ്, സംഗീതം പകർന്നത് മാത്യൂസ് പുളിക്കൻ എന്നീ സാങ്കേതിക പ്രവർത്തകരാണ്.