കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ശങ്കര്‍ രാമകൃഷ്ണൻ സംവിധാനവും ടി പി രാജീവൻ ചിത്രത്തിന്റെ രചനയും നിർവഹിക്കും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്തംബറില്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വിജയാഘോഷ വേളയില്‍ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരയ്ക്കുന്നത്.
അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ശ്രദ്ധേയ രചനകള്‍ നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ആഗസ്റ്റ് സിനിമാസിന്റെ ആദ്യചിത്രമായ ഉറുമിയുടെ രചന നിർവഹിച്ചതും ഇദ്ദേഹം തന്നെ ആയിരുന്നു. കഴിഞ്ഞ വർഷം കേരള ടൂറിസം വകുപ്പിന് വേണ്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ മമ്മൂട്ടിയാണ് കുഞ്ഞാലിമരയ്ക്കാർക്ക് ശബ്ദം നൽകിയത്.
അമല്‍ നീരദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നും മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്നൊരു ചിത്രം പ്രിയദര്‍ശനും ആലോചിച്ചിരുന്നതായും മുൻപ് വാർത്തകൾ വന്നിരുന്നു. അതേസമയം കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരന്‍ നായരാണ് കുഞ്ഞാലിമരയ്ക്കാരെ അവതരിപ്പിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നു കുഞ്ഞാലിമരയ്ക്കാർ.