കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചൂട് പിടിച്ച വാർത്തകളിൽ ഒന്നാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യാൻ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ക്ഷണിച്ചു എന്നത്. മണി രത്‌നം ഒരുക്കിയ ദളപതി എന്ന ചിത്രത്തിന് ശേഷം, ഈ ലോകേഷ് ചിത്രത്തിലൂടെ മമ്മൂട്ടി- രജനികാന്ത് ടീം വീണ്ടും ഒന്നിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അടുത്തിടെ നെൽസൺ ഒരുക്കിയ ജയിലർ എന്ന ചിത്രത്തിൽ രജനികാന്ത്- മോഹൻലാൽ ടീം ഒന്നിച്ചഭിനയിച്ചിരുന്നു. അതിന്റെ കൂടി പശ്‌ചാത്തലത്തിൽ ലോകേഷ്- രജനികാന്ത് ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും മലയാളത്തിൽ നിന്നുള്ള സാന്നിധ്യമാവുക എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇപ്പോഴിതാ ഈ പ്രചരണങ്ങൾക്ക് മമ്മൂട്ടി തന്നെ മറുപടി പറയുകയാണ്. തന്നെ ഇതുവരെ ആരും ആ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും, തനിക്ക് ലോകേഷിനെ പരിചയം പോലുമില്ലെന്നും മമ്മൂട്ടി വെളിപ്പെടുത്തി.
ഇതുവരെ തനിക്ക് അവരിൽ നിന്ന് ഒരു വിളി വന്നിട്ടില്ലെന്നും, ഇനി വന്നാൽ അത് അപ്പോൾ ആലോചിക്കാമെന്നും മമ്മൂട്ടി പറയുന്നു. ഇവിടെ തന്നെ ഒട്ടേറെ നല്ല ചിത്രങ്ങൾ ഉള്ളപ്പോൾ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകണം എന്ന് നിർബന്ധമില്ലലോ എന്നും മമ്മൂട്ടി സരസമായി സൂചിപ്പിച്ചു. ഇവിടുത്തെ പ്രേക്ഷകർ തന്റെ കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു വലിയ ചിത്രം വന്നാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും മമ്മൂട്ടി പറയുന്നു. ലോകേഷ് ഒരുക്കാൻ പോകുന്ന രജനികാന്ത് ചിത്രം അടുത്ത വർഷം മാർച്ചിലാണ് ആരംഭിക്കുക. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ്, ഇതിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദർ എന്നിവരാണ്. മലയാളത്തിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ, തമിഴിൽ നിന്ന് രാഘവ ലോറൻസ് എന്നിവരും ഇതിന്റെ ഭാഗമാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ലാത്ത ഒരു സ്വതന്ത്ര ചിത്രമാണെന്നും ലോകേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.