ടർബോയിൽ ഒരുങ്ങുന്നത് ഇടിയോടിടി; പ്രേക്ഷകരോട് ഉറപ്പ് പറഞ്ഞ് മെഗാസ്റ്റാർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് സൂപ്പർ ഹിറ്റ് സംവിധായകനായ വൈശാഖ് ഒരുക്കുന്ന ടർബോ. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസാണ് ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രസ് മീറ്റിൽ ഈ ചിത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. മമ്മൂട്ടി- ജിയോ ബേബി- ജ്യോതിക ടീം ഒന്നിച്ച കാതൽ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം നടന്ന പ്രസ് മീറ്റിലാണ് ഒരു മാധ്യമ പ്രവർത്തകൻ ടർബോ എന്ന ചിത്രത്തെ കുറിച്ചും ചോദിച്ചത്. ടർബോയിൽ മമ്മൂട്ടി ഇടിയോടിടി ആയിരിക്കുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്താണ് നിങ്ങൾക്ക് വേണ്ടത് എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. തങ്ങൾക്ക് വേണ്ടതും ഇടിയോടിടി ആണെന്ന് മാധ്യമ പ്രവർത്തകൻ മറുപടി പറഞ്ഞതോടെ, അത് തരാം എന്നായിരുന്നു മെഗാസ്റ്റാർ നൽകിയ മറുപടി. ഏതായാലും ഇത് കേട്ടതോടെ മമ്മൂട്ടി ആരാധകർ ആവേശത്തിലാണ്.

പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീമിൽ നിന്ന് വീണ്ടുമൊരു മെഗാ മാസ്സ് ചിത്രം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നതും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രൊഡക്ഷൻ കൂടിയാണെന്നതും ശ്രദ്ധേയമാണ്. സണ്ണി വെയ്ൻ, അർജുൻ ദാസ്, സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഫീനിക്സ് പ്രഭു എന്നിവരാണ്. വിഷ്ണു ശർമയാണ് ടർബോയുടെ ഛായാഗ്രാഹകൻ. നൂറ് ദിവസത്തോളം ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രം അടുത്ത സമ്മർ അല്ലെങ്കിൽ ഓണം റിലീസ് ആയിരിക്കുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close