നഹാസിന്റെ ചിത്രം ചെയ്യുന്നത് ആത്മഹത്യക്ക് തുല്യം; തള്ളിക്കളഞ്ഞവരെ കൊണ്ട് പോലും കയ്യടിപ്പിച്ച ആർഡിഎക്സ് തരംഗം.

Advertisement

ഇപ്പോൾ കേരളത്തിലെ പ്രേക്ഷകർ ആർഡിഎക്സ് എന്ന ചിത്രം സമ്മാനിച്ച ആവേശത്തിലാണ്. ഓണം റിലീസായി എത്തിയ ഈ ആക്ഷൻ ചിത്രം മഹാവിജയമാണ് നേടുന്നത്. ആഗോള കളക്ഷൻ 60 കോടിയിലേക്ക് കുതിക്കുന്ന ആർഡിഎക്സ് ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ കൂട്ടത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു. ഷബാസ്, ആദർശ് എന്നിവർ ചേർന്ന് രചിച്ച്, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ നഹാസ് ഹിദായത്താണ്. ജ്യൂസ് കടയിലെ ജോലിയിൽ നിന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ഈ ചെറുപ്പക്കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും നടനുമായ ബേസിൽ ജോസഫ് സംവിധാനം നിർവ്വഹിച്ച ഗോദ സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയാണ് നഹാസിന്റെ തുടക്കം. സിനിമാ മോഹവുമായി കാഞ്ഞിരപ്പളിയിൽ നിന്ന് കൊച്ചിയിലെത്തിയ ഈ ചെറുപ്പക്കാരൻ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്താണ് ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. സംവിധാന മോഹവുമായി ബേസിലിനെ സമീപിച്ചപ്പോൾ ബേസിൽ ആവശ്യപ്പെട്ടത് ഒരു ഷോർട് ഫിലിം ചെയ്ത് കാണിക്കാനാണ്. ജ്യൂസ് കടയിലെ ജോലിയില്‍ നിന്ന് സൂക്ഷിച്ചു വെച്ച പണവും ഒപ്പം ചില സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് നഹാസ് ഒരു ഹൃസ്വ ചിത്രം ചെയ്തത്. ആ ചിത്രത്തിന്റെ മികവിനേക്കാൾ, എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ കാണിച്ച നഹാസിന്റെ മനസ്സും ധൈര്യവും നിശ്ചയദാർഢ്യവും ബേസിൽ ജോസഫിനെ ആകർഷിക്കുകയും ഗോദയിൽ നഹാസിനെ സംവിധാന സഹായിയാക്കുകയും ചെയ്തു.

Advertisement

അതിന് ശേഷം ഏതാനും ജനപ്രിയ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ സംവിധാനം ചെയ്ത നഹാസിന്റെ ആദ്യ സംവിധാന സംരംഭം ആന്റണി വർഗീസ് നായകനായ ആരവമായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയും മറ്റ് ചില കാരണങ്ങൾ കൊണ്ടും ആ ചിത്രം ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആദ്യ സിനിമ തന്നെ മുടങ്ങിയാൽ ഭാഗ്യമില്ലാത്തവനെന്ന് മുദ്ര കുത്തുന്ന സിനിമാ ലോകത്ത് നിന്നും നഹാസ് ഇവിടം വരെയെത്തിയത് സ്വന്തം കഴിവിലുള്ള വിശ്വാസം കൊണ്ടും തളരാതെ പൊരുതാനുള്ള മനസ്സ് കൊണ്ടുമാണ്. നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് തന്റെ ചിത്രങ്ങളുടെ നിർമ്മാതാക്കളോടു പലരും വിളിച്ചു പറഞ്ഞ സംഭവം വരെയുണ്ടായിട്ടുണ്ടെന്ന് ദി ക്യൂ അഭിമുഖത്തിൽ നഹാസ് വെളിപ്പെടുത്തിയതും ശ്രദ്ധേയമായി. ഏതായാലും പ്രതിസന്ധികൾ ഏറെ വന്നിട്ടും, നഹാസിന് പിന്തുണയുമായി നിന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ഉടമ സോഫിയ പോളും, സ്ക്രിപ്റ്റ് പോലും കേൾക്കാതെ നീ ചെയ്യുന്ന സിനിമയിൽ ഞാൻ ഉണ്ടെന്നു പറഞ്ഞു കൂടെ നിന്ന ആന്റണി വർഗീസും നഹാസിന്റെ ഈ വിജയത്തിൽ കയ്യടി അർഹിക്കുന്നുണ്ട്. ആർഡിഎക്സ് ഇന്ന് കേരളത്തിൽ തരംഗമായി തുടരുമ്പോൾ മലയാളി പ്രേക്ഷകർ എടുത്തുയർത്തുന്നത് നഹാസ് എന്ന മലയാള സിനിമയുടെ ഭാവിയെ കൂടിയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close