600 കോടിയുടെ ആഗോള ഹിറ്റ്; ജയിലർ കേരളത്തിൽ സൃഷ്ടിച്ചതും അമ്പരപ്പിക്കുന്ന റെക്കോർഡുകൾ

Advertisement

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ആഗോള കളക്ഷൻ 600 കോടിയും പിന്നിട്ട് കുതിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം 600 കോടി ഗ്രോസ്സർ ആയ ജയിലർ കേരളത്തിൽ സൃഷ്ടിച്ചതും ഒരുപിടി വമ്പൻ റെക്കോർഡുകളാണ്. മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ അതിഥി വേഷവും, അദ്ദേഹം അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം തരംഗമായതും കേരളത്തിൽ ഈ ചിത്രത്തിന് നേടിക്കൊടുത്തത് വലിയ മൈലേജാണ്. കേരളത്തിൽ നിന്ന് മാത്രം 50 കോടിക്ക് മുകളിൽ ഗ്രോസ് നേടുന്ന ആദ്യ തമിഴ് ചിത്രമാണ് ജയിലർ. ഇതുവരെ 57 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ കേരളാ ഗ്രോസ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ലാഭം നേടിയ തമിഴ് സിനിമയും കേരളത്തിൽ നിന്ന് ഏറ്റവും വലിയ വിതരണക്കാരുടെ ഷെയർ നേടിയ തമിഴ് സിനിമയും ഇപ്പോൾ ജയിലറാണ്.

കേരളത്തിൽ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡ് സൃഷ്‌ടിച്ച ജയിലർ, രണ്ടര കോടിക്ക് മുകളിൽ ഗ്രോസ് നേടി കൊച്ചിൻ മൾട്ടിപ്ലെക്സിൽ നിന്ന് ഏറ്റവും വലിയ ഗ്രോസ് നേടുന്ന തമിഴ് ചിത്രവുമായി മാറി. കേരളത്തിൽ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ തമിഴ് ചിത്രവും, ആദ്യമായി 20 കോടി ഷെയർ നേടുന്ന തമിഴ് ചിത്രവും ജയിലറാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തൃശൂർ രാഗം തീയേറ്ററിൽ 50 ലക്ഷം രൂപയാണ് ജയിലർ നേടിയ ഗ്രോസ്. 25 ദിവസം കൊണ്ട് രാഗത്തിൽ ജയിലർ കണ്ട പ്രേക്ഷകർ 45000 ത്തിൽ കൂടുതലാണ്. ഇതുവരെ 40 ലധികം ഹൌസ്ഫുൾ ഷോകളും ഈ ചിത്രം രാഗത്തിൽ കളിച്ചു. ഈ വരുന്ന സെപ്റ്റംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്യുന്നതോടെ കേരളത്തിലെ ജയിലറിന്റെ റെക്കോർഡ് പ്രദർശനം അവസാനിക്കാനാണ് സാധ്യത. ശ്രീ ഗോകുലം മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close