കോടി ക്ലബുകളോട് താല്പര്യമില്ല; കാരണം വ്യക്‌തമാക്കി ദുൽഖർ സൽമാൻ

Advertisement

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ സീതാ രാമം നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീതാ രാമം ഇപ്പോൾ ആഗോള കളക്ഷൻ എഴുപത് കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക് കൂടാതെ മലയാളം, തമിഴ് ഭാഷകളിലും റിലീസ് ചെയ്ത ഈ റൊമാന്റിക് ചിത്രം, മലയാളത്തിലെ കുറുപ്പ് കഴിഞ്ഞാൽ ദുൽഖർ സൽമാന്റെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റാണ്. എൺപത് കോടിയോളമാണ് കുറുപ്പ് നേടിയ ആഗോള ഗ്രോസ്. അത്കൊണ്ട് തന്നെ സീതാ രാമം കുറുപ്പിനെ മറികടക്കുമോ എന്നും, ദുൽഖറിന് നൂറു കോടി ഗ്രോസ് നേടുന്ന ഒരു ചിത്രം സമ്മാനിക്കുമോ എന്നുമാണ് സോഷ്യൽ മീഡിയ ചർച്ചകൾ. എന്നാൽ തനിക്കു കോടി ക്ളബുകളിൽ താല്പര്യമില്ലെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. നൂറ് കോടിക്കും അമ്പത് കോടിക്കും പിന്നാലെ പായാൻ താല്പര്യമില്ലെന്നും അത് സിനിമയെന്ന കലയെ ബാധിക്കുമെന്നും ദുൽഖർ പറയുന്നു.

ഫിലിം ഷിൽമിക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇത് വ്യക്തമാക്കിയത്. വലിയ കളക്ഷൻ നമ്പറുകളിലേക്കു എത്തിപ്പെടാൻ നോക്കുന്നത് മോശം സിനിമകൾ ഉണ്ടാവാൻ കാരണമാകുമെന്നും, ഒരു സിനിമ അന്പതോ നൂറോ കോടി നേടിയാൽ മാത്രമേ സൂപ്പർ ഹിറ്റാവു എന്നൊരു ധാരണ ഇവിടെയുണ്ടെന്നും ദുൽഖർ വിശദീകരിക്കുന്നു. തന്റെ സിനിമ എത്ര പണം ചെലവഴിച്ചാണ് ഉണ്ടാക്കുന്നതെന്നും അതിനു എന്ത് ലാഭം കിട്ടിയെന്നും തനിക്കറിയാമെന്നും, വമ്പൻ ബ്ലോക്ക്ബസ്റ്ററുകളുടെ പിന്നാലെ താൻ പോകാറില്ല എന്നും ദുൽഖർ പറഞ്ഞു. കളക്ഷൻ എന്താകും എന്ന് നോക്കാതെ ജോലി ചെയ്യുമ്പോഴാണ് നല്ല ചിത്രങ്ങൾ ഉണ്ടാകുന്നതെന്നും, വലിയ കളക്ഷൻ നേടിയ പല ചിത്രങ്ങൾക്കും ചിലപ്പോൾ നല്ല കഥ പോലും കാണില്ലായെന്നും ദുൽഖർ കൂട്ടിച്ചേർക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close