മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക- നിരൂപക പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ശ്കതമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നാണ് ഈ ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങൾ. ഇപ്പോഴിതാ, കണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനവുമായി മുന്നോട്ട് വന്നിരിക്കുന്നത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനാണ്. കണ്ണൂർ സ്‌ക്വാഡ് തനിക്ക് ഏറെയിഷ്ടപെട്ട ചിത്രമാണെന്നും, ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ കാണുമ്പോൾ അത് പ്രേക്ഷകരും ഏറ്റെടുത്തെന്നാണ് മനസ്സിലാവുന്നതെന്നും ദുൽഖർ സൽമാൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. കണ്ണൂർ സ്‌ക്വാഡിന്റെ മുഴുവൻ ടീമിനും അഭിനനങ്ങൾ കൂടി നൽകി കൊണ്ടാണ് ദുൽഖർ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. അവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടിയോടൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, ഷെബിൻ ബെൻസൺ, സജിൻ ചെറുക്കയിൽ, സണ്ണി വെയ്ൻ, ധ്രുവൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സുഷിൻ ശ്യാം, കാമറ ചലിപ്പിച്ചത് മുഹമ്മദ് റാഹിൽ, എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്.