കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും വമ്പൻ ചിത്രവുമായി ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസ് തമിഴിലേക്ക്

Advertisement

യുവ താരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും. സീ സ്‌റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തക്ക് ശേഷം മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ. ഈ പുതിയ ചിത്രത്തിലൂടെ തമിഴിലേക്കും എത്തുകയാണ് വേഫെറർ ഫിലിംസ്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കാൻ പോകുന്ന ഈ തമിഴ് ചിത്രത്തിലും ദുൽഖർ തന്നെയാണ് നായകനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ്, അടി, സല്യൂട്ട് എന്നിവയാണ് വേഫെറർ ഫിലിംസ് നിർമ്മിച്ച മറ്റു ചിത്രങ്ങൾ.

വിതരണരംഗത്തും സാന്നിധ്യമറിയിക്കുന്ന വേഫെറർ ഫിലിംസ് വിതരണം ചെയ്ത ചിത്രങ്ങളാണ് ഉപചാരപൂർവം ഗുണ്ടജയൻ, നൻ പകൽ നേരത്ത് മയക്കം എന്നിവ. കിംഗ് ഓഫ് കൊത്തക്ക് ശേഷം, ദുൽഖർ അഭിനയിക്കാൻ പോകുന്നത് തമിഴിൽ ആണെന്നും ഇത്തവണ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രവുമായി ആണ് അദ്ദേഹം തമിഴിൽ എത്തുകയെന്നും വാർത്തകൾ വന്നിരുന്നു. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാർ, ക്യാമറ ചലിപ്പിക്കുക നികേത് ബൊമ്മി, എഡിറ്റ് ചെയ്യാൻ പോകുന്നത് ആന്റണി റൂബൻ എന്നിവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ചിത്രമാണോ വേഫെറർ ഫിലിംസ് നിർമ്മിക്കാൻ പോകുന്ന തമിഴ് ചിത്രമെന്നതിൽ വ്യക്തതയില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close