
Advertisement
കുറച്ചു നാളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒന്നാണ് യുവ താരം ദുൽകർ സൽമാന്റെ ചിത്രമായ ഒരു ഭയങ്കര കാമുകന്റെ ചിത്രീകരണം തുടങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ. വിക്രമാദിത്യന് ശേഷം ലാൽ ജോസും ദുൽകർ സൽമാനും ഒന്നിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.
ഈ ചിത്രം കഴിഞ്ഞ വർഷം തന്നെ അനൗൺസ് ചെയ്യപ്പെട്ട ഒന്നാണ്. ഈ വർഷം മെയ് മാസത്തിൽ ചിത്രീകരണം തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത് എങ്കിലും മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം ചെയ്യുന്നതിനാൽ ലാൽ ജോസ് ദുൽകർ ചിത്രത്തിന്റെ ജോലികൾ ഒക്ടോബർ മാസത്തേക്ക് മാറ്റി വെച്ചു.
അതുകൊണ്ട് ഒക്ടോബർ മാസത്തിൽ ആയിരിക്കും ദുൽകർ- ലാൽ ജോസ് ചിത്രം തുടങ്ങുക എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ദുൽകർ- ലാൽ ജോസ് ചിത്രം ഒരു ഭയങ്കര കാമുകൻ അടുത്ത വർഷം ജനുവരിയിൽ മാത്രമേ തുടങ്ങു എന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ഷെബിൻ ബക്കർ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ചിത്രത്തിന് വിദേശ ലൊക്കേഷനുകൾ ഉണ്ടെന്ന വാർത്തകളും നിർമ്മാതാവ് നിഷേധിച്ചു. കാടിന് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ ചിത്രത്തിന് വിദേശത്തു ഷൂട്ട് ഇല്ല എന്ന് അദ്ദേഹം വിശദീകരിച്ചു.
ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന മറ്റു വാർത്തകൾ എല്ലാം വ്യാജം ആണെന്നും ഒഫീഷ്യൽ ആയുള്ള വിവരങ്ങൾ അതിന്റെ സമയത്തു പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.
ദുൽകർ സൽമാൻ ഇപ്പോൾ തന്റെ തെലുങ്കു ചിത്രം പൂർത്തിയാക്കുകയാണ്. അതിനു ശേഷം ഒരു തമിഴ് ചിത്രത്തിലും പിന്നീട് ഒരു ബോളിവുഡ് ചിത്രത്തിലും ദുൽകർ അഭിനയിക്കും. ഈ വർഷം അവസാനം മറ്റൊരു തമിഴ് ചിത്രത്തിന്റെ കൂടി ഭാഗമായേക്കും ദുൽകർ എന്നും സൂചനകൾ ഉണ്ട്.
ബിജോയ് നമ്പ്യാരുടെ ദ്വിഭാഷാ ചിത്രം സോളോയും അതുപോലെ സൗബിൻ ഷാഹിറിന്റെ പറവയും ആണ് ദുൽഖറിന്റെ ഈ വർഷത്തെ റിലീസുകൾ. രണ്ടു ചിത്രവും സെപ്റ്റംബറിൽ പ്രദര്ശനത്തിന് എത്തും. പറവയിൽ ദുൽകർ അതിഥി വേഷമാണ് ചെയ്യുന്നത്.