റാഫി ഒരുക്കിയ വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ വലിയ തിരിച്ചു വരവാണ് ജനപ്രിയ നായകൻ ദിലീപ് നടത്തിയത്. അതോടൊപ്പം അടുത്തിടെ റിലീസ് ചെയ്ത തങ്കമണി എന്ന രതീഷ് രഘുനന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോയും സൂപ്പർ ഹിറ്റായതോടെ ദിലീപ് ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോഴിതാ, ദിലീപിന്റെ അടുത്ത റിലീസായ ബാന്ദ്രയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്ന ചർച്ചകൾക്ക് കാരണമായി മാറുന്നത്. രാമലീല എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ദിലീപ്- അരുൺ ഗോപി ടീം ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തമന്ന ഭാട്ടിയയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ തമന്ന ചെയ്യുന്ന ഇതിലെ കഥാപാത്രം, അന്തരിച്ചു പോയ ഒരു പ്രശസ്ത ബോളിവുഡ് നടിയെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.
ബാന്ദ്രയുടെ കഥയെ കുറിച്ചുള്ള ഔദ്യോഗികമായ സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ഇത്തരത്തിലൊരു വാർത്ത പുറത്തു വന്നതോടെ ഈ ചിത്രം ചർച്ചകളിൽ നിറഞ്ഞു കഴിഞ്ഞു. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന, ബോളിവുഡ് അടക്കി വാണിരുന്ന ഒരു നായികയായിരുന്നു ദിവ്യ ഭാരതി. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന ഈ നായിക വെറും മൂന്ന് വർഷം കൊണ്ടാണ് ബോളിവുഡ് പിടിച്ചടക്കിയത്. പത്തൊമ്പത് വയസില്‍ ഇന്ത്യൻ സിനിമയിലെ സൂപ്പർ നായിക പദവി നേടിയെടുത്ത ഈ നടിയുടെ മരണവും അപ്രതീക്ഷിതമായിരുന്നു. വീട്ടിൽ വന്ന വിരുന്നുകാരിക്കും ഭർത്താവ് സാജിദ് നദിയാവാലക്കുമൊപ്പം തന്റെ മുംബൈ അന്ധേരിയിലെ വീട്ടിൽ വെച്ച് മദ്യപിച്ച ദിവ്യ ഭാരതി, അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയിൽ നിന്ന് കാൽ വഴുതി താഴെ വീണാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം.
എന്നാൽ ദിവ്യയുടെ ഭർത്താവ് സാജിദും അധോലോക നായകനായ ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള ബന്ധം ദിവ്യ അറിയാൻ ഇടയായതാണ് അവരുടെ മരണത്തിലേക്ക് വഴിവെച്ചതെന്ന റിപ്പോർട്ടുകളും ആ സമയത്ത് പുറത്ത് വന്നിരുന്നു. ദാവൂദ് പ്രതിയായ, 1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്ഫോടന പരമ്പര കഴിഞ്ഞ് അതേ വർഷം ഏപ്രിൽ അഞ്ചിനാണ് ദിവ്യ ഭാരതി കൊല്ലപ്പെടുന്നത്. ദാവൂദിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൊടുക്കണമെന്ന പേരിൽ ദിവ്യയും സാജിദും തമ്മിൽ മരണദിവസത്തിനു മുൻപുള്ള ദവസങ്ങളിൽ വഴക്കുണ്ടായെന്നും വാർത്തകളുണ്ട്. എന്നാൽ മകൾ മദ്യത്തിന് അടിമയാണെന്ന, മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി, അപകടമരണമെന്ന നിലയിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. ദിലീപ് ചിത്രം ബാന്ദ്രയുടെ ട്രൈലെർ വന്നതോടെയാണ് ദിവ്യ ഭാരതിയുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന പരന്നത്. തമന്നയാണ് ദിവ്യ ഭാരതി ആവുന്നതെങ്കിൽ, ദിലീപ് അവതരിപ്പിക്കുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ആവുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.