ബോളിവുഡിൽ പുതിയ റെക്കോർഡ്, ജവാൻ ഓപ്പണിങ് കളക്ഷൻ ചരിത്രത്തിലേക്ക്; ആദ്യ കണക്കുകൾ ഇതാ.

Advertisement

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നായകനായ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ജവാൻ ഇന്നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. തമിഴ് ഹിറ്റ് മേക്കർ ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പുറത്ത് വന്നത്. ഷാരൂഖ് ഖാനോടൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര, മക്കൾ സെൽവൻ വിജയ് സേതുപതി, ദീപിക പദുകോൺ, പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം ആഗോള തലത്തിൽ തന്നെ വമ്പൻ സ്വീകരണം ലഭിച്ച ഈ ചിത്രത്തിന്റെ ഓപ്പണിങ് ഡേ കളക്ഷൻ ബോളിവുഡിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന സൂചനയാണ് ആദ്യ വിലയിരുത്തലിൽ ട്രേഡ് അനലിസ്റ്റുകൾ തരുന്നത്. ഓൾ ഇന്ത്യ തലത്തിൽ, ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളുടെ കളക്ഷൻ ചേർത്താൽ ആദ്യ ദിനം 75 മുതൽ 80 കോടി വരെ ഗ്രോസ് ഇന്ത്യയിൽ നിന്നും മാത്രം വന്നേക്കാമെന്നാണ് സൂചന.

ഷാരൂഖ് ഖാന്റെ തന്നെ മുൻ റിലീസായ പത്താൻ സ്ഥാപിച്ച ഓപ്പണിങ് ഡേ കളക്ഷൻ റെക്കോർഡ് ജവാൻ തകർക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. വിദേശത്തെ ചിത്രത്തിന്റെ പ്രകടനം കൂടെ കണക്കിലെടുക്കുമ്പോൾ ആദ്യ ദിനം തന്നെ 100 കോടിക്ക് മുകളിൽ ജവാൻ ആഗോള ഗ്രോസ് നേടിയാൽ അത്ഭുതമില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടകം എന്നവിടങ്ങളിലും മികച്ച പ്രകടനം നടത്തുന്ന ഈ ചിത്രം സൗത്ത് ഇന്ത്യയിൽ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന ഹിന്ദി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കിയേക്കാം. ഏതായാലും നാളെ ആദ്യ ദിന കണക്കുകൾ കൃത്യമായി പുറത്ത് വരുമ്പോൾ ജവാൻ ഒരു പുതിയ ചരിത്രമാകും ഹിന്ദി സിനിമയിൽ ഉണ്ടാക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകരും ബോളിവുഡ് വ്യവസായവുമായി ബന്ധപ്പെട്ടവരും. റെഡ് ചില്ലീസ് എന്റർടൈൻമെന്റിൻറെ ബാനറിൽ ഷാരൂഖ് ഖാൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close