പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ കൂടെചേരുകയാണ്. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി മമ്മൂട്ടി പുറത്ത് വിട്ടത് തന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. റിലീസ് ചെയ്ത നിമിഷം മുതൽ ഈ പോസ്റ്ററും അതിലെ മമ്മൂട്ടിയുടെ ലുക്കും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. അത്രക്കും ഞെട്ടിക്കുന്ന മേക്കോവറിലാണ് മമ്മൂട്ടി എന്ന മഹാനടനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഈ പോസ്റ്റർ നമ്മുക്ക് തരുന്നത്. വൃദ്ധനായ ഒരു ദുർമന്ത്രവാദിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഈ വൃദ്ധ മന്ത്രവാദിയുടെ ഭീതിപ്പെടുത്തുന്ന രൂപമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസ്സുകളിൽ നിറയുന്നത്.

കറ പിടിച്ച പല്ലും, ക്രൗര്യം ഒളിപ്പിച്ച ചിരിയും നര വീണ മുടിയും താടിയുമായി മമ്മൂട്ടിയെ ഈ പോസ്റ്ററിലൂടെ അവതരിപ്പിച്ചപ്പോൾ മലയാള സിനിമാ പ്രേക്ഷകരോടൊപ്പം മലയാള സിനിമാ ലോകവും ഞെട്ടുകയാണ്. കാതിൽ കടുക്കനും കഴുത്തിൽ മാലയും ഇട്ട് നഗ്നമായ മേൽ ശരീരവുമായി മമ്മൂട്ടി കഥാപാത്രം ചിരിക്കുമ്പോൾ ആ കണ്ണുകളിലും കാണാൻ സാധിക്കുന്നത് ക്രൂരതയുടെ കുടില ഭാവമാണ്. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിക്കുന്നത്.

Advertisement

മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഷെഹനാദ് ജലാൽ, സംഗീതമൊരുക്കുന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്യുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായി പകർന്നാടി വെള്ളിത്തിരയിൽ വിസ്മയം തീർക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയെന്ന മഹാനടൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close