കേരളത്തിൽ ഓൾ-ടൈം റെക്കോർഡ്; ജവാൻ ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ.

Advertisement

രാജ റാണി, ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ, ബിഗിൽ എന്നിവക്ക് ശേഷം തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കിയ ജവാൻ കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി എത്തിയത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി താരമായി ദീപിക പദുക്കോണും സഞ്ജയ് ദത്തും വേഷമിട്ടിരിക്കുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ജവാനിലെ വില്ലൻ കഥാപാത്രത്തിന് ജീവൻ പകർന്നത്. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ജവാൻ കേരളത്തിൽ നേടിയ ആദ്യ ദിന കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഈ ചിത്രം ആദ്യ ദിവസം നേടിയത് 3 കോടി 45 ലക്ഷം രൂപയാണ്. കേരളത്തിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി ഇതോടെ ജവാൻ മാറിക്കഴിഞ്ഞു. ഷാരൂഖ് ഖാൻ തന്നെ നായകനായ പത്താൻ എന്ന ചിത്രം ഈ വർഷം 1 കോടി 90 ലക്ഷം രൂപയുടെ ഓപ്പണിങ് ആണ് നേടിയത്. ആ റെക്കോർഡ് വമ്പൻ മാർജിനിലാണ് ജവാനിലൂടെ ഷാരൂഖ് തന്നെ മറികടന്നത്. അതോടൊപ്പം ജയിലർ, കിംഗ് ഓഫ് കൊത്ത, വാരിസ് എന്നിവക്ക് ശേഷം ഈ വർഷം കേരളത്തിൽ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രമെന്ന നേട്ടവും ജവാൻ സ്വന്തമാക്കി. ആഗോള തലത്തിൽ 100 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഷാരൂഖ് ഖാൻ അഭിനയിച്ചിരിക്കുന്നത്.

Advertisement
Advertisement

Press ESC to close