ബ്ലാക്ക് ആൻഡ് വൈറ്റിൽ ഭ്രമിപ്പിക്കാൻ മെഗാസ്റ്റാർ; ഭ്രമയുഗം ഒരുങ്ങുന്നത് ഇങ്ങനെ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിന് സോഷ്യൽ മീഡിയയിൽ തീയായ് പടർന്നത് അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു. ഞെട്ടിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി, ആരാധകരിലും സിനിമാ പ്രേമികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയത്. നര കയറിയ മുടിയും താടിയും കാതിൽ കടുക്കനും നഗ്നമായ മേൽ ശരീരവും മാലയും കറ പിടിച്ച പല്ലുകളുമായി മമ്മൂട്ടിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയ ഞെട്ടി. അദ്ദേഹത്തിന്റെ പൈശാചികമായ ചിരിയും, ക്രൂരതയൊളിപ്പിച്ച കണ്ണുകളും കൂടിയായപ്പോൾ ഭ്രമയുഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമായി. എന്നാലിപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വിവരമാണ് ശ്രദ്ധ നേടുന്നത്. ചില അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്, ഭ്രമയുഗം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഒരുക്കുന്നതെന്നാണ്.

ഒരുപാട് വർഷം മുൻപത്തെ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു ദുർമന്ത്രവാദിയായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് സൂചന. പ്രേക്ഷകരുടെ മുന്നിലെത്തിയ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ഈ വാർത്ത സത്യമാണെങ്കിൽ, ഈ പുതിയ നൂറ്റാണ്ടിൽ മലയാള സിനിമാ പ്രേമികളെ ഞെട്ടിക്കാൻ പോകുന്ന മറ്റൊരു ധീരമായ പരീക്ഷണം കൂടിയായിരിക്കും ഭ്രമയുഗം. ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ചിത്രം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

Advertisement
Advertisement

Press ESC to close