രോമാഞ്ചം യൂണിവേഴ്സിന്റെ ഭാഗമാകാൻ ഫഹദ് ഫാസിലിന്റെ ആവേശം; വെളിപ്പെടുത്തി ചെമ്പൻ വിനോദ്.

Advertisement

ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് നവാഗതനായ ജിത്തു മാധവൻ രചിച്ചു സംവിധാനം ചെയ്ത രോമാഞ്ചം. അൻപത് കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സജിൻ ഗോപു, അബിൻ ബിനോ, സിജു സണ്ണി, അഫ്സൽ, ജഗദീഷ് കുമാർ, അനന്തരാമൻ അജയ്, ജ്യോമോൻ ജ്യോതിർ, ചെമ്പൻ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. ഒരു കോമഡി ഹൊറർ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയത്. രോമാഞ്ചത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

രോമാഞ്ചം പോലെ തന്നെ ബാംഗ്ലൂരിന്റെ പശ്‌ചാത്തലത്തിലാണ്‌ ആവേശത്തിന്റെ കഥയും നടക്കുന്നത്. രോമാഞ്ചത്തിൽ അഭിനയിച്ച ഒട്ടേറെ താരങ്ങൾ ആവേശത്തിന്റെയും ഭാഗമാണ്. എന്നാൽ അടുത്തിടെ ഒരു റേഡിയോ അഭിമുഖത്തിൽ നടൻ ചെമ്പൻ വിനോദ് വെളിപ്പെടുത്തിയ കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് രോമാഞ്ചവും ആവേശവും തമ്മിലുള്ള കഥാപരമായ ബന്ധത്തെ കുറിച്ചാണ്. രോമാഞ്ചം എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ വെച്ചൊരു മുഴുനീള ചിത്രമാണ് വരുന്നതിനും, രോമാഞ്ചത്തിലെ നിരൂപ് കഥാപാത്രത്തിന്റെയും ഗ്യാങ്ങിന്റെയും കോളേജ് കാലഘട്ടവുമായി ബന്ധപ്പെട്ട കഥയാണ് ആവേശം പറയുന്നതെന്ന സൂചനയുമാണ് ചെമ്പൻ വിനോദ് തരുന്നത്. അത് സത്യമായാൽ ഒരു രോമാഞ്ചം സ്പിൻ ഓഫ് ആയിട്ടാവും ആവേശം ഒരുങ്ങുക. രോമാഞ്ചം യൂണിവേഴ്സിൽ തന്നെ നടക്കുന്ന കഥയാണ് ആവേശമെന്ന ഈ വാർത്ത വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, അൻവർ റഷീദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സജിൻ ഗോപു, മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി എന്നിവരും വേഷമിടുന്നുണ്ട്.

Advertisement
Advertisement

Press ESC to close