ഈ ചിത്രം സിജുവിന്റെ കരിയറിലെ ഒരു നാഴികക്കല്ലാവും; പത്തൊൻപതാം നൂറ്റാണ്ട് റിലീസ് തീയതി പുറത്ത്

Advertisement

മലയാളികളുടെ പ്രീയപ്പെട്ട സംവിധായകരിലൊരാളായ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലൊരുക്കിയ ഒരു ബ്രഹ്മാണ്ഡ മലയാള ചിത്രമാണ്. യുവ താരം സിജു വിൽസൻ നായകനായി എത്തുന്ന ഇതിന്റെ ടീസർ, ട്രെയ്‌ലർ, പോസ്റ്ററുകൾ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ റിലീസ് ഡേറ്റ് ഒഫീഷ്യലായി പുറത്തു വന്നിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ട് തിരുവോണം നാളിലാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നു സംവിധായകൻ വിനയൻ അറിയിച്ചു. ശ്രീനാരായണ ഗുരുവിന് മുമ്പ് തന്നെ അവർണർക്ക് വേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും മറ്റും ചെയ്തിട്ടുള്ള, പായ്ക്കപ്പലുകളും തുറമുഖവും സ്വന്തമായുണ്ടായിരുന്ന, പുഴുക്കളെ പോലെ കാണുന്ന ജനതയെ ഉയർത്തെഴുന്നേൽപ്പിക്കണമെന്ന നിലപാടിലുറച്ചു സഞ്ചരിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് ഈ ചിത്രം പറയുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടു കൊണ്ട് വിനയൻ കുറിച്ച വാക്കുകൾ ഇങ്ങനെ, “പത്തൊൻപതാം നുറ്റാണ്ട്” സെപ്തംമ്പർ 8 ന് തിരുവോണ നാളിൽ തീയറ്ററുകളിൽ എത്തുകയാണ്.. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു..വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു..എം ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽ ആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്..
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എൻെറ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്.. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു..നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു..”

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close