പ്രേമത്തിലെ മോഹൻലാലിൻറെ അതിഥി വേഷം, അൽഫോൺസ് പുത്രൻ -മോഹൻലാൽ ചിത്രം ഉറപ്പ്;വെളിപ്പെടുത്തി താരം.

Advertisement

നേരം, പ്രേമം , ഗോൾഡ് എന്നീ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. അതിൽ തന്നെ പ്രേമം എന്ന ചിത്രം മലയാള സിനിമയിലെ രണ്ടാമത്തെ 50 കോടി ക്ലബിലെത്തിയ ചിത്രമായി മാറിയതിനൊപ്പം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ചിത്രം കൂടിയാണ്. നിവിൻ പോളി എന്ന യുവതാരത്തിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ഈ ചിത്രം തമിഴ്‌നാട്ടിലും ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച മലയാള ചിത്രമായി മാറിയിരുന്നു.

താൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും, ലാലേട്ടനെ നായകനാക്കി ഒരു വമ്പൻ ഫാൻ ബോയ് ചിത്രമൊരുക്കുകയാണ് തന്റെ സ്വപ്നമെന്നും അൽഫോൺസ് പുത്രൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും മോഹൻലാൽ ഇടുന്ന പോസ്റ്റുകളിൽ അൽഫോൺസ് പുത്രൻ പറയുന്ന കമന്റുകൾ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. അൽഫോൺസ് പുത്രന്റെ ആ മോഹൻലാൽ ചിത്രം ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രേമം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നിർണ്ണായക വേഷങ്ങൾ ചെയ്തു പ്രശസ്തനുമായ നടൻ കൃഷ്ണ ശങ്കർ.

Advertisement

വാതിൽ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. അൽഫോൺസിന്റെ മോഹൻലാൽ ആരാധന തനിക്ക് നേരിട്ട് അറിയാമെന്നും, പ്രേമം എന്ന ചിത്രത്തിൽ പോലും വളരെ രസകരമായ ഒരു അതിഥി വേഷം മോഹൻലാലിന് വേണ്ടി അദ്ദേഹം ഒരുക്കിയിരുന്നു എന്നും കൃഷ്ണ ശങ്കർ പറയുന്നു. എന്നാൽ പിന്നീട് വേറെ ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടി വന്നപ്പോൾ ആ വേഷം ഒഴിവാക്കിയതാണെന്നും കൃഷ്ണ ശങ്കർ പറഞ്ഞു. ഒരു പള്ളീലച്ചനായാണ് മോഹൻലാൽ അതിൽ അഭിനയിക്കേണ്ടിയിരുന്നതെന്നും കൃഷ്ണ ശങ്കർ വെളിപ്പെടുത്തി.

അതുപോലെ പ്രേമത്തിൽ പ്രശസ്തമായ ആ സംഘട്ടന രംഗം എടുക്കുന്നതിന് മുൻപ് മോഹൻലാലിന്റെ സ്ഫടികം സിനിമയിലെ സംഘട്ടനം തങ്ങൾക്ക് കാണിച്ചു തന്നിട്ട്, അതുപോലെയാണ് അടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞ കാര്യവും കൃഷ്ണ ശങ്കർ വെളിപ്പെടുത്തി. അത്കൊണ്ട് തന്നെ ഒരു വമ്പൻ മോഹൻലാൽ ചിത്രം അൽഫോൺസ് പുത്രൻ എന്തായാലും ചെയ്തിരിക്കുമെന്നും കൃഷ്ണ ശങ്കർ ഉറപ്പിച്ചു പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close